Connect with us

Editorial

ഞെരുക്കത്തിനിടയിലും ധൂര്‍ത്ത്

Published

|

Last Updated

സംസ്ഥാനത്തിന്റെ കടബാധ്യത വന്‍തോതില്‍ ഉയരുകയാണ്. 2007 – 08 വര്‍ഷത്തില്‍ 55,410 കോടി രൂപയായിരുന്ന കടബാധ്യത 2018 ജനുവരി അവസാനമായപ്പോഴേക്കും 2,09,286 കോടിയായി ഉയര്‍ന്നു. പത്ത് വര്‍ഷം കൊണ്ട് നാലിരട്ടി വര്‍ധന. നിലവില്‍ സംസ്ഥാനത്തിന്റെ ആളോഹരി കടബാധ്യത 60,950. 59 രൂപയാണ്. അടുത്ത സാമ്പത്തിക വര്‍ഷം (2018-19) 25,985 കോടി രൂപ കൂടി പൊതുവിപണിയില്‍ നിന്നു വായ്പ എടുക്കാനും തീരുമാനമുണ്ട്.

സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണ് വാര്‍ഷിക കടമെടുപ്പ് പരിധി. ഈ സാമ്പത്തിക വര്‍ഷം 20,402 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവാണെന്ന് നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ വിലയിരുത്തുന്നുണ്ട്. ദേശീയ ശരാശരി 9.94 ശതമാനവും സംസ്ഥാനത്തിന്റേത് 8.59 ശതമാനവുമാണ്. 2010 മുതല്‍ സംസ്ഥാനത്തെ നികുതി വരുമാനം കുത്തനെ ഇടിയുകയുമാണ്. 23.24 ശതമാനത്തില്‍ നിന്ന് 10.68 ലേക്കാണ് കൂപ്പുകുത്തിയത്.
വര്‍ധിത തോതിലുളള കടമെടുപ്പാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് അടുത്തിടെ ധനമന്ത്രി തോമസ് ഐസക്ക് വെളിപ്പെടുത്തുകയുണ്ടായി. നോട്ട് നിരോധം, ജി എസ് ടി നടപ്പാക്കിയതിലെ അപാകം, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, തുടങ്ങിയവയാണ് കാരണമായി ധനമന്ത്രി ഇതുവരെ പറഞ്ഞിരുന്നത്. ഇതിനെല്ലാമുപരി ട്രഷറി വഴിയുള്ള തുടര്‍ച്ചയായ കടമെടുപ്പ് കാരണം കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന വസ്തുത മന്ത്രി മറച്ചു വെച്ചതായിരുന്നു. കഴിഞ്ഞ വര്‍ഷം ട്രഷറി സേവിംഗ്‌സ് ബേങ്ക് വഴി കേരളം 6000 കോടി രൂപ അധികമായി വായ്പയെടുത്തിട്ടുണ്ട്. തന്മൂലം ഈ വര്‍ഷം വായ്പയെടുക്കാന്‍ അനുവദിച്ച 20,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രം കുറവുചെയ്യുകയുണ്ടായി. കഴിഞ്ഞ ഓണം കഴിഞ്ഞപ്പോഴേക്ക് തന്നെ കേരളം 14,000 കോടി രൂപ വായ്പയെടുത്തു കഴിഞ്ഞിരുന്നു. ഇതോടെ വായ്പയെടുക്കാനുള്ള പരിധി കഴിയുകയും ചെയ്തു. നാട്ടില്‍ അരക്ഷിതാവസ്ഥയുണ്ടാകരുതെന്ന് കരുതിയാണ് ഇക്കാര്യം ഇതുവരെ മറച്ചു വെച്ചതെന്ന് ധനമന്ത്രി കുറ്റസമ്മതം നടത്തുകയുമുണ്ടായി.

ഭരണ, ഉദ്യോഗ തലങ്ങളിലെ സാമ്പത്തിക അച്ചടക്കമില്ലായ്മക്കും സമ്പദ്ഘടനാ തകര്‍ച്ചയില്‍ വലിയ പങ്കുണ്ട്. യു ഡി എഫ് സര്‍ക്കാര്‍ പൊതുഖജനാവ് കാലിയാക്കി എന്ന പരാതിയുമായാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ അധികാരത്തിലേറിയ ഉടനെ നിലവിലുള്ള കാറുകള്‍ക്ക് പ്രൗഢി പോരാഞ്ഞു മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ വിദേശ കാറുകളുള്‍പ്പെടെ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ചെലവിട്ടത് കോടികളാണ്. 83 ലക്ഷം രൂപയാണ് ഔദ്യോഗിക മന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ മന്ത്രിമാര്‍ ചെലവഴിച്ചത.് സര്‍ക്കാര്‍ മാറുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടി പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നത് പതിവാണ്. എം എല്‍ എമാരുടെ ചികിത്സാ ചെലവും അമ്പരപ്പിക്കുന്നതാണ്. ഒരു ചാനല്‍ പുറത്തു വിട്ട കണക്കനുസരിച്ചു ഏഴ് എം എല്‍ എമാരുടെ ഒന്നര വര്‍ഷത്തെ ചികിത്സാ ചെലവ് 68 ലക്ഷം രൂപ വരും. മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കാനായി മാത്രം നിയമിക്കപ്പെട്ടത് ഏഴ് ഉന്നതോദ്യോഗസ്ഥരെയാണ്. ഇവരില്‍ പലരുടെയും ശമ്പളം ലക്ഷത്തിന് മീതെയും.
അതിനിടെ എം എല്‍ എമാരുടെയും മന്ത്രിമാരുടെയും വേതനവും ആനുകൂല്യങ്ങളും കുത്തനെ വര്‍ധിപ്പിച്ചിരിക്കുന്നു. മന്ത്രിമാരുടെ ശമ്പളം 55,000 രൂപയില്‍ നിന്ന് 90,000 രൂപയായും എം എല്‍ എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായുമായാണ് ഉയര്‍ത്തിയത്. മാസാന്ത മണ്ഡല അലവന്‍സ് 12000 രൂപയില്‍ നിന്ന് 25000മായും ടെലിഫോണ്‍ ആനുകൂല്യം 7500ല്‍ നിന്ന് പതിനൊന്നായിരമായും ഓഫീസ് അലവന്‍സ് മൂവായിരത്തില്‍ നിന്ന് എണ്ണായിരമായും ഉയര്‍ത്തി. സാമ്പത്തിക പ്രതിസന്ധി മൂലം അങ്കണ്‍വാടികളില്‍ ശമ്പളമില്ല. പെന്‍ഷനുകള്‍ കൃത്യമായി നല്‍കാനാകുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബില്ലുകള്‍ കെട്ടിക്കിടക്കുകയാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ബില്ല് മാറാന്‍ കഴിയാത്തത് മൂലം വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലും. പരമാവധി ക്ഷമിക്കാനും മുണ്ട് മുറുക്കിയുടുക്കാനുമാണ് ജനങ്ങളോട് സര്‍ക്കാറിന്റെ ഉപദേശം. അതിനിടയിലാണ് ജനപ്രതിനിധികള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ ശമ്പളവര്‍ധനവും ആഡംബരവും ധൂര്‍ത്തുമെല്ലാം. സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചാല്‍ മതി, തങ്ങള്‍ക്കതൊന്നും ബാധകമല്ലെന്ന മട്ടിലാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. വിദേശ യാത്രകള്‍ പരമാവധി ചുരുക്കുക, 14 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ വാങ്ങുന്നതിന് നിരോധം, ലാന്‍ഡ് ഫോണ്‍ ബില്ലുകള്‍ പരമാവധി ചുരുക്കുക എന്നിങ്ങനെ ബജറ്റിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്ക് ധനമന്ത്രി തോമസ് ഐസക് ഒട്ടേറെ സാമ്പത്തിക അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്തേ എം എല്‍ എമാര്‍ക്കും മന്ത്രിമാര്‍ക്കും ഇത്തരം അച്ചടക്ക നടപടികളൊന്നും ബാധകമല്ലേ?

മുന്‍കാലങ്ങളില്‍ കടമെടുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ കടം വാങ്ങുന്നത് നിത്യചെലവുകള്‍ക്കും കടം വീട്ടാനുമാണെന്ന് അഞ്ചാം ധനകാര്യ കമ്മീഷന്‍ അധ്യക്ഷന്‍ ബി എ പ്രകാശ് പറയുകയുണ്ടായി. എടുക്കുന്ന കടം സര്‍ക്കാറിന്റെ നിത്യചെലവുകള്‍ക്ക് തന്നെ തികയാത്ത മട്ടാണ്. കിട്ടാവുന്നിടത്തോളം കടമെടുത്ത് സര്‍ക്കാറും ഉദ്യോഗസ്ഥരും സുഭിക്ഷമായി കഴിയുന്നുവെന്നല്ലാതെ പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും താളം തെറ്റുന്നു. പ്രതിസന്ധി അതിജീവിക്കാന്‍ ജനങ്ങളോട് മുണ്ട് മുറുക്കാന്‍ കല്‍പ്പിക്കുന്ന ഭരണ കര്‍ത്താക്കള്‍ അനാവശ്യ ചെലവുകള്‍ കുറച്ച് വരുമാനത്തിന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ആദ്യം സ്വയം മുണ്ട് മുറുക്കിയുടുത്ത് പൊതുസമൂഹത്തിന് അവര്‍ മാതൃകയാകട്ടെ.

Latest