ശശികലക്ക് ജയിലില്‍ പ്രത്യേക പരിഗണനയെന്ന് വെളിപ്പെടുത്തിയ ഐ ജി രൂപ നമ്മ ബംഗളുരു അവാര്‍ഡ് നിരസിച്ചു

Posted on: March 25, 2018 1:02 pm | Last updated: March 25, 2018 at 5:16 pm

ബംഗളുരു: ബംഗളുരു ജയിലില്‍ കഴിയുന്ന മുന്‍ എഐഎഡിഎംകെ നേതാവ് വി കെ ശശികലക്ക് പുറത്തുനിന്നും സഹായങ്ങള്‍ ലഭ്യമാകുന്നുവെന്ന വെളിപ്പെടുത്തലോടെ ശ്രദ്ധേയയായ പോലീസ് ഐ ജി ഡി രൂപ മൗദ്ഗില്‍ സന്നദ്ധ സംഘടനയായ നമ്മ ബംഗളുരു ഫൗണ്ടേഷന്റെ നമ്മ ബംഗളുരു അവാര്‍ഡ് നിരസിച്ചു. വന്‍ തുക അവാര്‍ഡിനൊപ്പം നല്‍കുന്നതിനാലാണ് അവാര്‍ഡ് നിരസിക്കുന്നതെന്ന് അവര്‍ സന്നദ്ധ സംഘടനക്കെഴുതിയ കത്തില്‍ വ്യക്തമാക്കി.

തന്റെ ബോധം ഈ അവാര്‍ഡ് സ്വീകരിക്കുന്നതില്‍നിന്നും തന്നെ തടയുകയാണ്. സര്‍ക്കാര്‍ സേവകര്‍ ഇത്തരത്തിലുള്ള സംഘടനകളില്‍നിന്നും അകലം പാലിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമെ സര്‍ക്കാര്‍ സേവകര്‍ക്ക് പൊതുജനങ്ങളുടെ കണ്ണില്‍ ക്ലീന്‍ ഇമേജ് ഉണ്ടാകുകയുള്ളുവെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കി. നല്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിഭാഗത്തിലാണ് രൂപയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

പരപ്പന അഗ്രഹാര ജയിലില്‍ കഴിയവെ ശശികലയും ബന്ധുവും ജയില്‍ വേഷത്തിന് പകരം സാധാരണ വേഷം ധരിച്ച് പുറത്തുനിന്നും ജയിലിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദ്യശ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ജയില്‍ ഐ ജിയായിരുന്ന രൂപ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ശശികലക്ക് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും ഇവര്‍ 2017ല്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.