കോഴിക്കോട് ആസ്ഥാനമായി പുതിയ വഖഫ് ട്രൈബ്യൂണല്‍ നിലവില്‍ വന്നു

Posted on: March 24, 2018 7:47 pm | Last updated: March 24, 2018 at 7:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വഖഫ് ട്രൈബ്യൂണല്‍ നിലവില്‍ വന്നു. കോഴിക്കോട് അഡീഷനല്‍ ജില്ലാജഡ്ജ് കെ സോമന്‍ ചെയര്‍മാനായാണ് പുതിയ ട്രൈബ്യൂണല്‍. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ടി കെ ഹസന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഉബൈദുല്ല എന്നിവരാണ് അംഗങ്ങള്‍. കോഴിക്കോട് ആസ്ഥാനമായി പുതിയ ട്രൈബ്യൂണല്‍ നിലവില്‍ വരുന്നതോടെ കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മേഖലാ വഖഫ് ട്രൈബ്യൂണലുകള്‍ ഇല്ലാതാകും. മൂന്ന് ട്രൈബ്യൂണലുകളെ ഒന്നാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ നാള്‍ അനിശ്ചിതത്വങ്ങളുണ്ടായിരുന്നെങ്കിലും പലതലങ്ങളിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍ക്കാറിന്റെ അന്തിമതീരുമാനം.

വഖഫ് ബോര്‍ഡിന്റെ തീരുമാനങ്ങളിലുള്ള അപ്പീലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനും മറ്റു വഖഫ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള അധികാരം ട്രൈബ്യൂണലിനാണ്. കേന്ദ്ര വഖഫ് ആക്ടില്‍ 2013ല്‍ വരുത്തിയ ഭേദഗതിയെ തുടര്‍ന്നാണ് സിംഗിള്‍ ട്രൈബ്യൂണലില്‍ മൂന്ന് അംഗങ്ങളാക്കിയത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് മൂന്ന് മേഖലകളിലായി ട്രൈബ്യൂണലിനെ നിയോഗിച്ചെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ല.

വഖഫ് കേസുകള്‍ കൂടുതല്‍ മലബാറില്‍ നിന്ന് ആയതിനാലാണ് ആസ്ഥാനം കോഴിക്കോട് ആക്കിയത്. പുതിയറയിലുള്ള പഴയ ഹജ്ജ് ഹൗസില്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം തുടങ്ങും.