ഹാദിയ കേസ് നടത്തിപ്പിന് 99.52 ലക്ഷം രൂപ ചെലവായെന്ന് പോപ്പുലര്‍ ഫ്രണ്ട്

Posted on: March 24, 2018 7:19 pm | Last updated: March 24, 2018 at 7:19 pm

കോഴിക്കോട്: ഹാദിയ കേസ് നടത്തിപ്പിന് 99.52 ലക്ഷം രൂപ ചെലവായതായി പോപ്പുലര്‍ ഫ്രണ്ട്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകള്‍ പാര്‍ട്ടി പുറത്തുവിട്ടു. 99,52,324 രൂപയാണ് കേസ് നടത്തിപ്പിനായി ആകെ ചെലവായതെന്ന് കണക്കുകളില്‍ പറയുന്നു. ഇതില്‍ 80,40,405 രൂപ പാര്‍ട്ടി പ്രവര്‍ത്തകര്‍ ധനസമാഹരണത്തിലൂടെ കണ്ടെത്തിയതാണ്. ഇതിലേക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുകയടക്കം 81,61,245 രൂപ ആകെ ലഭിച്ചു. ബാക്കി വന്ന 17,91,079 രൂപ പാര്‍ട്ടിയുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്ന് ഉപയോഗിച്ചതായും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകരുടെ ഫീസ് ഇനത്തിലും യാത്രാ ചിലവ് ഇനത്തിലുമാണ് ഇത്രയും തുക ചെലവായത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഏഴ് തവണയും, ദുഷ്യന്ത് ദവേ മൂന്ന് തവണയും ഇന്ദിര ജയ്‌സിംഗ് നാല് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായി. അഭിഭാഷകരായ ഹാരിസ് ബീരാന്‍, കെ പി മുഹമ്മദ് ഷരീഫ്, കെ സി നസീര്‍ എന്നിവരുടെ സൗജന്യ സേവനം ലഭിച്ചതായും പാര്‍ട്ടി വ്യക്തമാക്കുന്നു.