മരുഭൂമിയെ ഹരിതാഭമാക്കി മലയാളി കുടുംബം

Posted on: March 24, 2018 6:53 pm | Last updated: March 24, 2018 at 6:53 pm

സഹം: വിഷരഹിത ജൈവ കൃഷി രീതികളിലൂടെയും രാസവളമില്ലാത്ത ആരോഗ്യദാകമായ പരമ്പരാഗത നടീല്‍ മാര്‍ഗങ്ങളിലൂടെയും മാതൃക തീര്‍ക്കുകയാണ് ഒരു പ്രവാസി കര്‍ഷകന്‍. തന്റെ വില്ലക്ക് ചുറ്റും കൃഷി ചെയ്ത് പൊന്ന് വിളയിക്കുന്നത് മാഹി സ്വദേശി അസീസ് ഹാഷിമും കുടുംബവുമാണ്.

സുഹാര്‍ ഫലജ് റോഡില്‍ സഫീര്‍ മാളിന് പിറകില്‍ തരിഫ് റോഡിനോട് ചേര്‍ന്നുള്ള വില്ലയിലിപ്പോള്‍ വിളയാത്ത പച്ചക്കറികളും പഴ വര്‍ഗങ്ങളും ചുരുക്കമാണ്. തക്കാളി, കാരറ്റ്, കാന്താരി, ഉരുളക്കിഴങ്ങ്, സവാള, ചെറിയുള്ളി, ഇഞ്ചി, വെളുത്തുള്ളി, കാബേജ്, കോളിഫല്‍വര്‍, കോവക്ക, ചേമ്പ്, കാച്ചില്‍, പയര്‍, ചീര, മല്ലിയില, ബത്തക്ക, വാഴപ്പഴം, ഔഷധ സസ്യങ്ങളായ അഗഥി, തുളസി, കറ്റാര്‍വാഴ, അരൂത ഇങ്ങനെ നീളുന്ന പട്ടികയില്‍ ഈ തോട്ടത്തില്‍ ഇവര്‍ വിളയിക്കാത്ത പച്ചക്കറികള്‍ ഇല്ലെന്നു തന്നെപറയാം. കൃഷി സംരക്ഷിക്കാന്‍ വിവിധ തരം രീതികളും അസിസ് പ്രയോഗവത്കരിക്കുന്നുണ്ട്.

തിരിനന

തിരിനന എന്ന കൃഷിരീതി ഇവിടെ പരീക്ഷിക്കുന്നുണ്ട്. നാല് ഇഞ്ച് വ്യാസവും രണ്ട് മീറ്റര്‍ നീളവുമുള്ള പൈപ്പില്‍ ധ്വാരമുണ്ടാക്കി വെള്ളം നിറയ്ക്കും. ഗ്രോബാഗില്‍ മണ്ണ് നിറച്ചു ഗ്രോബാഗിന് അടിയില്‍ പകുതി വെള്ളത്തില്‍ മുട്ടാവുന്ന തരത്തില്‍ നീളമുള്ള സ്പോഞ്ച് താഴ്ത്തിവെക്കും. ആവശ്യമുള്ള വെള്ളം വലിച്ചെടുത്ത് ഗ്രോബാഗിലുള്ള ചെടിക്ക് നല്‍കുന്നതാണ് തിരിനന സമ്പ്രദായം. സൂര്യ പ്രകാശം അധികം ഏല്‍ക്കാത്ത സ്ഥലങ്ങളിലേക്ക് എളുപ്പം മാറ്റാനും ഇതിലൂടെ സാധിക്കും.

വിത്തിന്റെ കൂടെ റവയും

ചീര, കാബേജ് തുടങ്ങിയവയുടെ ചെറിയ വിത്തുകള്‍ വിതറിയാല്‍ ഉറുമ്പ് കൊണ്ടുപോകുന്നതിനാല്‍ വിത്തിനൊപ്പം റവകൂടി വിതറും. അപ്പോള്‍ ഉറുമ്പുകള്‍ റവ മാത്രമാണ് കൊണ്ടുപോകുക. റവ തീര്‍ന്ന ശേഷമാകും വിത്തുകളിലെത്തുക. അപ്പോഴേക്കും വിത്തുകള്‍ മുളച്ചിട്ടുണ്ടാവും. കീടനാശിനിയില്ലാതെ ഇതിലൂടെ വിത്തുകള്‍ സംരക്ഷിക്കാന്‍ സാധിക്കുന്നു.

മഞ്ഞക്കെണി

ഒരു കമ്പില്‍ പലക നാട്ടി അതില്‍ മഞ്ഞ നിറത്തിലുള്ള വര്‍ണ കടലാസ് ഒട്ടിച്ചുവെക്കുന്നു. ഇവയില്‍ പശപോലുള്ള ഒട്ടിപ്പിടിക്കുന്ന മിശ്രിതം തേച്ചുവെക്കും. തളിര് നശിപ്പിക്കാന്‍ വരുന്ന ചെറുപ്രാണികള്‍ ഇതില്‍ ഒട്ടിപ്പിടിക്കും.

കൃഷിയുടെ അറിവുകള്‍ നേടാനും പങ്കുവെക്കാനും അസീസ് കൂട്ടായ്മകള്‍ കണ്ടെത്തും. തന്റെ കൃഷിത്തോട്ടത്തിലെ വിളവുകള്‍ സുഹൃത്തുക്കള്‍ക്കെല്ലാം വിതരണം ചെയ്യും. അടുക്കള തോട്ടങ്ങളുടെ മഹത്വവും ഇവരെ ബോധ്യപ്പെടുത്തും. ഇതിലൂടെ ഒരാളെങ്കിലും കൃഷി ആരംഭിക്കുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി വലുതാണെന്ന് അസീസ് ഹാഷിം പറയുന്നു.

സാമൂഹിക മാധ്യമങ്ങള്‍ വഴി പരിചയപ്പെടുന്നവര്‍ പോലും അസീസിന് നാട്ടില്‍നിന്നു വരുമ്പോള്‍ വിത്തുകള്‍ കൈമാറുന്നു. വിപിന്‍ എന്ന തലശ്ശേരി സ്വദേശി ഉള്‍പ്പടെ നിരവധി പേരാണ് ഇത്തരത്തില്‍ സ്ഥിരമായി അസീസിന് വിത്തുകള്‍ കൈമാറുന്നത്.

31 വര്‍ഷമായി അസീസ് ഹാഷിം ഒമാനില്‍ പ്രവാസിയാണ്. 27 വര്‍ഷം മസ്‌കത്തിലായിരുന്നു. നാലുവര്‍ഷമായി ഇപ്പോള്‍ സുഹാറിലാണ്. ഒരു സ്വകാര്യ കമ്പനിയിലാണ് 29 വര്‍ഷമായി ജോലി നോക്കുന്നു. ഭാര്യ തലശ്ശേരി സ്വദേശിനി മുംതാസ് ഹാഷിം, മൂത്ത മകന്‍ അര്‍ഷദ് ഹാഷിം മംഗ്ലൂരില്‍ പഠിക്കുന്നു. സുഹാര്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സമാന്‍ അലിയും മിഫ്താഹ് ജന്നയുമാണ് ഇളയ മക്കള്‍. മാതാപിതാക്കളെ പോലെ കൃഷികാര്യങ്ങളില്‍ കുട്ടികളും ഏറെ തല്‍പരരാണ്.

സംഗീതത്തെയും നെഞ്ചോടു ചേര്‍ക്കുന്ന അസീസ് നല്ലൊരു ഗായകന്‍ കൂടിയാണ്. കുടുംബ സദസുകളില്‍ ഗസലിന്റെ ഈരടികളിലൂടെ അസീസ് ആസ്വാദനം പകരുന്നു. ഒമാന്‍ കൃഷിക്കൂട്ടം എന്ന കൂട്ടായ്മക്ക് തുടക്കം കുറിച്ചവരില്‍ ഒരാളാണ് അസീസ്.