തന്റെ സര്‍ക്കാറിനെതിരെ അമിത്ഷ നുണകള്‍ പ്രചരിപ്പിക്കുന്നു: ചന്ദ്രബാബു നായിഡു

Posted on: March 24, 2018 3:50 pm | Last updated: March 25, 2018 at 10:01 am

ന്യൂഡല്‍ഹി: ബി ജെ പി അധ്യക്ഷന്‍ അമിത്ഷായുടെ കത്തിനെതിരെ വിമര്‍ശവുമായി ചന്ദ്രബാബു നായിഡു. ആന്ധ്രക്ക് കേന്ദ്ര സര്‍ക്കാര്‍ നിരവധി ഫണ്ടുകള്‍ തന്നുവെങ്കിലും തങ്ങള്‍ക്ക് അത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് അമിത്ഷ കത്തിലൂടെ കുറ്റപ്പെടുത്തുന്നതെന്ന് ചന്ദ്ര ബാബു നായിഡു പറഞ്ഞു.

അന്ധ്ര സര്‍ക്കാര്‍ കഴിവുകെട്ടതാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തങ്ങളുടെ സര്‍ക്കാറിന് സംസ്ഥാനത്ത് നല്ല ജി ഡി പിയുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ക്യഷിയിലും മറ്റുമേഖലകളിലും നിരവധി ദേശീയ അവാര്‍ഡുകളും നേടി.അതാണ് തങ്ങളുടെ കഴിവെന്നും എന്തിനാണ് നുണകള്‍ പ്രചരിപ്പിക്കുന്നതെന്നും ആന്ധ്ര മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

എന്‍ ഡി എ വിട്ട ചന്ദ്രബാബു നായിഡുവിന്റെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് കാണിച്ച് അമിത്ഷ ചന്ദ്രബാബു നായിഡുവിന് കത്തയച്ചിരുന്നു.കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയത്തില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടി ഡി പി)ഉറച്ചുനില്‍ക്കവെയാണ് അനുനയ ശ്രമവുമായി അമിത്ഷ നായിഡുവിന് കത്തയച്ചത്.