Connect with us

Kerala

കീഴാറ്റൂരില്‍ മേല്‍പ്പാലത്തിന് സാധ്യത തേടി സംസ്ഥാന സര്‍ക്കാര്‍; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ വയല്‍ക്കിളികള്‍ സമരം ശക്തമാക്കുന്ന സാഹചര്യത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. കീഴാറ്റൂരില്‍ മേല്‍പ്പാലം പണിയാനുള്ള സാധ്യതകള്‍ തേടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിക്കും ദേശീയ പാതാ അതോറിറ്റിക്കും കത്തെഴുതി. മേല്‍പാലം പണിതാല്‍ വയല്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ ജി സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കീഴാറ്റൂരില്‍ സമരം നടത്തുന്ന വയല്‍ക്കിളികള്‍ “കിളികളല്ല, കഴുകന്‍മാര്‍” ആണെന്നും ജീവിതത്തില്‍ ഒരിക്കല്‍പ്പോലും പാടത്തുപോകാത്തവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു. വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേയാണ് കീഴാറ്റൂരിലെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. നാളെ മുതല്‍ സമരം ശക്തമാക്കാനുള്ള ശ്രമത്തിലാണ് വയല്‍ക്കിളികള്‍. വയല്‍ക്കിളികളെ നേരിടാന്‍ സിപിഎം കീഴാറ്റൂരില്‍ ഇന്ന് നാടിന് കാവല്‍ സംഘടിപ്പിക്കുന്നുണ്ട്.