കാലിത്തീറ്റ കുംഭകോണം: നാലാം കേസില്‍ ലാലുവിന്റെ ശിക്ഷ ഇന്ന് വിധിക്കും

Posted on: March 24, 2018 10:36 am | Last updated: March 24, 2018 at 11:21 am
SHARE

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവിനുള്ള ശിക്ഷ ഇന്ന് വിധിക്കും. റാഞ്ചിയിലെ പ്രത്യേക സിപിഐ കോടതിയാണ് ശിക്ഷ വിധിക്കുക. കേസില്‍ ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെ 20 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വെറുതെവിടുകയും ചെയ്തു.

1995- 96ല്‍ ദുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 3.13 കോടി പിന്‍വലിച്ച കേസിലാണ് വിധി. കേസില്‍ 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയ്യാറാക്കിയത്. വിചാരണ സമയത്ത് 14 പേര്‍ മരിക്കുകയും രണ്ട് പേര്‍ മാപ്പുസാക്ഷികളാകുകയും ചെയ്തതോടെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. മാര്‍ച്ച് അഞ്ചിന് വിചാരണ പൂര്‍ത്തിയായി. ആറ് കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ നേരത്തെ വിധി പ്രഖ്യാപിച്ചിരുന്നു. 2013ല്‍ ആദ്യ കേസില്‍ ലാലുവിന് അഞ്ചര വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്. രണ്ടാം കേസില്‍ മൂന്നര വര്‍ഷവും മൂന്നാം കേസില്‍ അഞ്ച് വര്‍ഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്.

റാഞ്ചിയിലെ ഡൊറാന്‍ഡ ട്രഷറിയില്‍ നിന്ന് 139 കോടി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട അഞ്ചാം കേസ് കോടതിയുടെ പരിഗണനയിലാണ്. മൊത്തം 900 കോടി രൂപയുടെതാണ് കാലിത്തീറ്റ കുംഭകോണം. അവിഭക്ത ബിഹാറില്‍ ആര്‍ ജെ ഡി ഭരണത്തിലിരുന്ന സമയത്ത് 1990കളില്‍ വിവിധ ജില്ലകളിലെ ട്രഷറികളില്‍ നിന്ന് കന്നുകാലി വകുപ്പിന്റെ പേരില്‍ പണം നിയമവിരുദ്ധമായി പിന്‍വലിച്ചതാണ് കേസ്.