സബ് കലക്ടര്‍ ദിവ്യയുടെ കുറ്റിച്ചല്‍ ഭൂമിദാനത്തെക്കുറിച്ചും അന്വേഷണം

Posted on: March 24, 2018 10:35 am | Last updated: March 24, 2018 at 11:21 am

തിരുവനന്തപുരം: വര്‍ക്കല ഭൂമിയിടപാടിന് പിന്നാലെ സബ് കലക്ടറായ ദിവ്യ എസ് അയ്യര്‍ ഇടപെട്ട കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി ദാനത്തെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ലാന്റ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവനന്തപുരത്തെ കുറ്റിച്ചലില്‍ പഞ്ചായത്തിലെ ചന്തപ്പറമ്പിനോട് ചേര്‍ന്നുള്ള 83 സെന്റ് പുറമ്പോക്കില്‍ 10 സെന്റ് പതിച്ചു നല്‍കിയത് സംബന്ധിച്ച് അന്വേഷണത്തിനാണ് മന്ത്രി ഉത്തരവിട്ടത്.

സര്‍ക്കാര്‍ രേഖകളില്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍നിന്നും പത്ത് സെന്റ് സമീപത്ത് താമസിക്കുന്ന കോണ്‍ഗ്രസ് നേത്യത്വവുമായി അടുത്ത ബന്ധമുള്ള നസീര്‍ എന്നയാള്‍ക്ക് വിലയീടാക്കി പതിച്ചു നല്‍കിയതാണ് വിവാദമായത്. അതേ സമയം കോട്ടൂരിലെ ഭൂമിയിടപാട് പോലെ നിയമാനുസ്യതമായാണ് നസീറിന് ഭൂമി നല്‍കിയതെന്നാണ് ദിവ്യ എസ് അയ്യരുടെ നിലപാട്.