ശുഐബ് വധക്കേസ് പ്രതിക്ക് സബ് ജയിലില്‍ വഴിവിട്ട സഹായം

മൂന്ന് ദിവസങ്ങളിലായി ആകാശ് തില്ലങ്കേരി യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് 12 മണിക്കൂര്‍
Posted on: March 24, 2018 6:23 am | Last updated: March 24, 2018 at 12:26 am

കണ്ണൂര്‍ : എടയന്നൂര്‍ ശുഐബ് വധക്കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ വഴിവിട്ട സഹായമെന്ന് ആരോപണം. കൂത്ത്പറമ്പ് സ്വദേശിനിയായ യുവതിയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്താന്‍ ആകാശിന് ചട്ടം ലംഘിച്ച് അവസരം നല്‍കിയതായി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് രംഗത്തെത്തിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സുധാകരന്‍ ജയില്‍ ഡി ജി പിക്ക് പരാതിയും നല്‍കി. ഈ മാസം മൂന്ന് ദിവസങ്ങളിലായി 12 മണിക്കൂറാണ് യുവതി ആകാശുമായി കൂടിക്കാഴ്ച നടത്തിയത്. ഒമ്പത്, 13, 16 തീയതികളിലാണ് കൂടിക്കാഴ്ച നടന്നത്. ഓരോ കൂടിക്കാഴ്ചയും മണിക്കൂറുകളോളം നീണ്ടു. ജയിലില്‍ ഒരുമിച്ചിരുന്ന് സംസാരിക്കാനും അവസരം നല്‍കി.

ജയില്‍ ജീവനക്കാര്‍ക്ക് പോലും പ്രവേശനം ഇല്ലാത്തിടത്ത് യുവതിയെ എത്തിച്ച് കൊടുത്തു. 13ന് രാവിലെ പത്ത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ കൂടിക്കാഴ്ച നടത്തി പുറത്തുപോയ യുവതി ഉച്ചക്ക് ശേഷം വീണ്ടും വന്ന് 2.30 മുതല്‍ അഞ്ച് വരെ ആകാശിനൊപ്പം ചെലവിട്ടു. ശുഐബ് വധക്കേസിലെ 12 പ്രതികള്‍ക്കും ജയിലിനുള്ളില്‍ അഴിഞ്ഞാടാനുള്ള സൗകര്യമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. പ്രതികളെ ലോക്കപ്പ് ചെയ്യാനുള്ള നടപടികള്‍ എടുത്തിട്ടില്ല. രാത്രി സമയങ്ങളില്‍ പോലും സെല്ലുകള്‍ പൂട്ടാറില്ല. ശുഐബ് കേസിലെ മറ്റൊരു പ്രതി ദീപ്ചന്ദ് തിരിച്ചറിയില്‍ പരേഡിനിടെ നേരത്തെ മൂന്ന് ചെറുപ്പക്കാരെ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തിയതും സുധാകരന്‍ പരാതിയില്‍ ഉന്നയിക്കുന്നു.

കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലില്‍ 53 തടവുകാരാണുള്ളത്. ഇവരെല്ലാം സി പി എമ്മുകാരാണ്. ജയില്‍ അധികൃതര്‍ ഇവര്‍ക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു. നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുധാകരന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.
മട്ടന്നൂരിലെ മറ്റൊരു കൊലപാതകത്തില്‍പ്പെട്ട് നേരത്തെ സബ് ജയിലില്‍ കഴിയുമ്പോഴും ആകാശിന് പ്രത്യേക പരിഗണന ലഭിച്ചതായി ആരോപണമുണ്ടായിരുന്നു.