നിയമനം റദ്ദാക്കണമെന്ന് ഹരജി; കാലിക്കറ്റ് വി സി പ്രതിരോധത്തില്‍

മുഹമ്മദ് ബശീറിനെ ലീഗ് താത്പര്യപ്രകാരം യു ഡി എഫ് നിയമിച്ചപ്പോള്‍ നിയമ  വിരുദ്ധമാണെന്ന് കാട്ടി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല
Posted on: March 24, 2018 6:20 am | Last updated: March 24, 2018 at 12:24 am

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വ്വകലാശാലയിലെ ഇടത് അധ്യാപക സംഘടനയായ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് പുറമെ ഹൈക്കോടതിയെ സമീപിച്ചു. നിയമനം നിയമക്കുരുക്കിലേക്ക് നീങ്ങുന്നതോടെ ഡോ. കെ മുഹമ്മദ് ബശീര്‍ പ്രതിരോധത്തിലായി.

മതിയായ യോഗ്യതയില്ലെന്ന കാരണത്താല്‍ എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യനെ ഹൈക്കോടതി അയോഗ്യനാക്കിയതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് വിസിക്കെതിരെ ഇടത് അധ്യാപക സംഘടനകള്‍ ഫെബ്രുവരിയില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ ഗവര്‍ണര്‍ നടപടിയെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടത് അനുഭാവ അധ്യാപക സംഘടന അന്നു തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഹൈക്കോടതില്‍ കഴിഞ്ഞ ദിവസം ഹരജി നല്‍കിയത്. വിസി നിയമനത്തിന് യുജിസിയുടെ 2010ലെ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ഡോ. കെ മുഹമ്മദ് ബശീറിനെ യു ഡി എഫ് ഭരണകാലത്ത് ലീഗ് താത്പര്യപ്രകാരം നിയമിച്ചപ്പോള്‍ തന്നെ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് ആക്ട് അംഗങ്ങളായ അധ്യാപകര്‍ പറഞ്ഞു.

പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് വിസിക്കെതിരെ തന്ത്രപരമായ നീക്കം തുടങ്ങിയത്. സര്‍വ്വകലാശാലയിലോ മറ്റേതെങ്കിലും ഗവേഷണ സ്ഥാപനങ്ങളിലോ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് വൈസ് ചാന്‍സിലര്‍ പദവിക്കുള്ള യോഗ്യതയായി യു ജി സി നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ കെ മുഹമ്മദ് ബഷീറിന് അരീക്കോട് എസ് എസ് കോളജില്‍ എട്ട് വര്‍ഷം പ്രിന്‍സിപ്പലായും കേരള സര്‍വ്വകലാശാലയില്‍ രജിസ്ട്രാര്‍ പദവിയില്‍ രണ്ട് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചതാണ് പരിചയം. ഇത് പ്രൊഫസറുടെ അതേ ശമ്പള സ്‌കെയിലിലുള്ള തസ്തികയാണെന്നാണ് വാദം.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം നൂറിലധികം പേരാണ് കാലിക്കറ്റില്‍ വിസി പദവിയിലേക്ക് അപേക്ഷിച്ചിരുന്നത്. നിയമന സമിതി ഡോ. മുഹമ്മദ് ബശീറിനെ മാത്രമാണ് ശിപാര്‍ശ ചെയ്തത്. ഈ നടപടികളില്‍ സുതാര്യതയില്ലെന്നാണ് ആരോപണം.