ക്രോയെ മറികടന്ന് കാന്‍

Posted on: March 24, 2018 6:17 am | Last updated: March 24, 2018 at 12:20 am

ഓക്ലന്‍ഡ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനായി ക്യാപ്റ്റന്‍ കാന്‍ വില്യംസന്‍ സെഞ്ച്വറി (102) നേടിയത് ചരിത്ര സംഭവമായി. വില്യംസന്റെ പതിനെട്ടാം സെഞ്ച്വറിക്ക് കിവീസ് ക്രിക്കറ്റില്‍ വലിയ ചരിത്രപ്രാധാന്യമുണ്ട്. ന്യൂസിലാന്‍ഡിനായി ഏറ്റവുമധികം സെഞ്ച്വറി നേടിയ (17) മാര്‍ട്ടിന്‍ ക്രോയുടെയും റോസ് ടെയ്‌ലറുടെയും റെക്കോര്‍ഡ് പഴങ്കഥയായി.

കിവീസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന ലേബലിലേക്ക് വില്യംസന്‍ കാലെടുത്തു വെച്ചു. എന്നാല്‍, മാര്‍ട്ടിന്‍ ക്രോ തന്നെയാണ് ന്യൂസിലാന്‍ഡിന്റെ എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനെന്നും താന്‍ ഇതിഹാസ താരത്തിന്റെ അടുത്തെങ്ങും എത്തിയിട്ടില്ലെന്നും കാന്‍ വില്യംസന്‍ അഭിപ്രായപ്പെട്ടു.
ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 58 റണ്‍സിന് ആള്‍ ഔട്ടായിരുന്നു. മറുപടിയില്‍ ന്യൂസിലാന്‍ഡ് നാല് വിക്കറ്റിന് 229 റണ്‍സടിച്ചു. ആറ് വിക്കറ്റ് കൈയ്യിലിരിക്കെ 171 റണ്‍സിന്റെ ലീഡായി കിവീസിന്.