എല്‍ഗാര്‍ നോട്ടൗട്ട് !

Posted on: March 24, 2018 6:15 am | Last updated: March 24, 2018 at 12:18 am

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഓപണറായി ഇറങ്ങി ടീം ആള്‍ ഔട്ടാകുമ്പോള്‍ നോട്ടൗട്ട് ആവുക. മൂന്ന് ഇന്നിംഗ്‌സുകളില്‍ ഇങ്ങനെ നോട്ടൗട്ട് ആയി ലോക റെക്കോര്‍ഡിട്ട വിന്‍ഡീസിന്റെ ഇതിഹാസം ഡെസ്‌മെന്‍ഡ് ഹെയിന്‍സിനൊപ്പം ഇനി ഒരാള്‍ കൂടി. ദക്ഷിണാഫ്രിക്കയുടെ ഓപണര്‍ ഡീന്‍ എല്‍ഗാര്‍.

ആസ്‌ത്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിലാണ് എല്‍ഗാര്‍ 141 റണ്‍സുമായി പുറത്താകാതെ നിന്നത്. 284 പന്തുകള്‍ നേരിട്ട എല്‍ഗാര്‍ 434 മിനുട്ട് ക്രീസില്‍ ചെലവഴിച്ചു. ഇരുപത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് എല്‍ഗാറിന്റെ ഇന്നിംഗ്‌സ്.
ദക്ഷിണാഫ്രിക്ക 311ന് ആള്‍ ഔട്ടായപ്പോള്‍ എല്‍ഗാറിന്റെ പോരാട്ടം വേറിട്ടു നിന്നു. 64 റണ്‍സെടുത്ത എബിഡിവില്ലേഴ്‌സാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഹാഷിം അംല (31), കഗിസോ റബാഡ (22) എന്നിവരാണ് രണ്ടക്ക സ്‌കോര്‍ കണ്ടെത്തിയ മറ്റ് താരങ്ങള്‍. ഓപണര്‍ എയ്ഡന്‍ മര്‍കറാം പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റന്‍ ഡുപ്ലെസിസ് (5), ബാവുമ (1), ക്വുന്റന്‍ ഡി കോക് (3), വെര്‍നോന്‍ ഫിലാന്‍ഡര്‍ (8), മഹാരാജ് (3), മോര്‍നി മോര്‍ക്കല്‍ (4) എന്നിവര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.

നാല് വിക്കറ്റെടുത്ത പാറ്റ് കുമിന്‍സാണ് ഓസീസ് ബൗളിംഗില്‍ തിളങ്ങിയത്. ഹാസല്‍വുഡ്, ലിയോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ച്, മാര്‍ഷ് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ആസ്‌ത്രേലിയക്ക് 245 റണ്‍സെടുക്കുമ്പോഴേക്കും ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി. ബാന്‍ക്രോഫ്റ്റാണ് (77) ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ടിം പെയിന്‍ 33 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഹാസല്‍വുഡാണ് (1) ക്രീസില്‍ ഒപ്പമുള്ളത്.
ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. ഇന്നിംഗ്‌സില്‍ അഞ്ച് ക്യാച്ചുകളെടുത്താണ് സ്മിത്ത് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. ഒരിന്നിംഗ്‌സില്‍ അഞ്ച് ക്യാച്ചുകളെടുത്ത പതിനൊന്ന് പേരാണുള്ളത്. ആസ്‌ത്രേലിയക്കാരില്‍ സ്മിത് രണ്ടാമനാണ്. 1935/36 ല്‍ വിക് റിചാര്‍ഡ്‌സന്‍ അഞ്ച് ക്യാച്ചുകളുമായി റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ആസ്‌ത്രേലിയന്‍ താരമായി.