ചാരന് വിഷപ്രയോഗം; റഷ്യക്കെതിരെ യൂറോപ്യന്‍ യൂനിയനും

Posted on: March 24, 2018 6:10 am | Last updated: March 24, 2018 at 12:14 am
SHARE

ബ്രസല്‍സ്: റഷ്യയിലേക്കുള്ള യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ തീരുമാനം. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ നേതാക്കളാണ് ഈ തീരുമാനമെടുത്തത്. ഇതിന് പുറമെ, യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ ചില രാജ്യങ്ങള്‍ തങ്ങളുടെ രാജ്യത്ത് നിന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കാനും റഷ്യയില്‍ നിന്ന് തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ബ്രിട്ടനില്‍ വെച്ച് മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരെ വിഷപ്രയോഗമേറ്റ സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് നേരത്തെ ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച എല്ലാ ആരോപണങ്ങളും തള്ളിയതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ അമേരിക്കയും റഷ്യക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധിയെ തിരിച്ചുവിളിക്കുന്ന കാര്യം ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ സ്ഥിരീകരിച്ചിട്ടുണ്ട്. ചാരനെതിരെ വിഷപ്രയോഗമുണ്ടായ വിഷയത്തില്‍ പൂര്‍ണ ഉത്തരവാദിത്വം റഷ്യക്കാണെന്നും ഇതു സംബന്ധിച്ച് ആ രാജ്യം കൃത്യമായ ഒരു വിശദീകരണവും നല്‍കിയിട്ടില്ലെന്നും യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ള 28 രാഷ്ട്രങ്ങളുടെ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ബ്രിട്ടന്‍ റഷ്യയുടെ 23 നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. ഇതിന് പ്രതികാരമായി, റഷ്യയും ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.