Connect with us

International

പിന്നാക്ക വിഭാഗക്കാര്‍ യു എസിലും കടുത്ത ജാതിവിവേചനം നേരിടുന്നു: സര്‍വേ

Published

|

Last Updated

വാഷിംഗ്ടണ്‍: സൗത്ത് ഏഷ്യന്‍ വംശജരായ ആളുകള്‍ക്ക് അമേരിക്കയിലും കടുത്ത ജാതിവിവേചനം നേരിടുന്നതായി സര്‍വേ. ജാതിവിവേചനം, ഇസ്‌ലാമോ ഫോബിയ, മതത്തിന്റെ പേരിലുള്ള അസഹിഷ്ണുത എന്നിവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇക്വലിറ്റി ലാബ് ആണ് സര്‍വേക്ക് പിന്നില്‍. അമേരിക്കയില്‍ അരങ്ങേറുന്ന ജാതിവിവേചനത്തിന്റെ ഏറ്റവും മികച്ച രേഖയാണ് ഇക്വലറ്റി ലാബ് തയ്യാറാക്കിയ സര്‍വേയെന്ന് സംഘടന വിശദമാക്കി.

ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, മാലദ്വീപ്, ഗുയാന, ഫിജി, താന്‍സാനിയ, കെനിയ എന്നിവിടങ്ങളിലെ 1500ലധികം പേരെയാണ് സര്‍വേക്ക് വേണ്ടി ഇവര്‍ സമീപിച്ചത്.
ജാതിയുടെ പേരില്‍ വിവേചനവും ശാരീരിക ആക്രമണവും നേരിടുന്നതായി സര്‍വേയോട് പ്രതികരിച്ച മുഴുവന്‍ ദളിതുകളും അഭിപ്രായപ്പെട്ടു. തങ്ങളുടെ ജാതി അറിയപ്പെട്ടാല്‍ സമൂഹത്തില്‍ നിന്ന് പിന്നാക്കം നിര്‍ത്തപ്പെടുമെന്ന ഭയം ദളിതുകളില്‍ 52 ശതമാനം പേര്‍ക്കും ഉണ്ട്. എന്നാല്‍ ഉന്നത ജാതികളായ ബ്രാഹ്മിണ്‍, ക്ഷത്രിയ വിഭാഗങ്ങള്‍ക്ക് ഈ വിവേചനം തുലോം കുറവാണ്. ബ്രാഹ്മണരില്‍ നിന്ന് ഒരു ശതമാനവും ക്ഷത്രിയര്‍ അഞ്ച് ശതമാനവുമാണ് തങ്ങള്‍ വിവേചനത്തിന് ഇരയാകുന്നുവെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

എന്നാല്‍ ശൂദ്രരില്‍ 25 ശതമാനം പേരും ജാതിവിവേചനം യാഥാര്‍ഥ്യമാണെന്ന് അഭിപ്രായപ്പെടുന്നു. സ്‌കൂള്‍ കുട്ടികള്‍ക്കിടയിലും കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്നതായി സര്‍വേയില്‍ കണ്ടെത്തി. ദളിത് വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ കടുത്ത ജാതിവിവേചനമാണ് നേരിടുന്നത്. എന്നാല്‍ ബ്രാഹ്മണ, ക്ഷത്രിയ വിദ്യാര്‍ഥികള്‍ക്ക് ഇത് തുലോം കുറവാണ്. തങ്ങളുടെ ജാതി കാരണമായി ജോലി സ്ഥലത്ത് വിവേചനം നേരിടുന്നതായി 76 ശതമാനം ദളിതുകളും അഭിപ്രായപ്പെട്ടു.

ശൂദ്രരില്‍ 12 ശതമാനവും ഇതേ അഭിപ്രായം പങ്കുവെച്ചു. പ്രാദേശിക കച്ചവട മേഖലയിലും ദളിതുകള്‍ കടുത്ത വിവേചനത്തിനിരയാകുന്നുണ്ട്. ആരാധനാ സ്ഥലങ്ങളില്‍ പോലും വിവേചനം നേരിടുന്നതായും ആരാധനക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് ദളിതുകളെ തഴയുന്നതായും സര്‍വേയില്‍ കണ്ടെത്തി.

Latest