Connect with us

International

സഊദിക്ക് 6,000 കോടിയുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ യു എസ് തീരുമാനം

Published

|

Last Updated

വാഷിംഗ്ടണ്‍: സഊദി അറേബ്യക്ക് ഒരു ബില്യന്‍ ഡോളറിന്റെ(ഏകദേശം ആറായിരം കോടിയിലധികം രൂപ) ആയുധം വില്‍ക്കാന്‍ അമേരിക്കയുടെ അനുമതി. യു എസ് വിദേശകാര്യ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച കരാറിന് അനുമതി നല്‍കി. 6,600 ടി ഒ ഡബ്ല്യൂ മിസൈല്‍വേധ ടാങ്കുകള്‍, ഹെലികോപ്ടറുകളുടെ പരിപാലനം, സൈനിക വാഹനങ്ങള്‍ക്കുള്ള സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആയുധക്കരാറെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ ആയുധക്കരാര്‍ അമേരിക്കയുടെ വിദേശനയത്തിന് പിന്തുണ നല്‍കുന്നതാണെന്നും സൗഹൃദരാജ്യങ്ങളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണെന്നും പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ ബുധനാഴ്ച സഊദി രാജകുമാരന്‍ ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊഴില്‍ വിഷയത്തിലോ അല്ലെങ്കില്‍ മികച്ച ആയുധങ്ങള്‍ വാങ്ങുന്ന വിഷയത്തിലോ ഗള്‍ഫ് രാജ്യങ്ങള്‍ അവരുടെ സമ്പത്തിന്റെ ഒരു ഭാഗം അമേരിക്കയുമായി പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യു എസ് സാമാജികരില്‍ ചിലര്‍ സഊദിക്ക് ആയുധം വില്‍ക്കുന്നതിനെ എതിര്‍ത്ത് രംഗത്തുണ്ട്. യമനിലെ ആഭ്യന്തര സംഘര്‍ഷത്തിനും മറ്റും കാരണം സഊദിയുടെ ഇടപെടലെന്ന് ആരോപിച്ചായിരുന്നു ഇവര്‍ ആയുധ വില്‍പ്പനക്കെതിരെ നിലപാട് സ്വീകരിച്ചത്. എന്നാല്‍ യമനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ സഊദിക്ക് വ്യക്തമായ പങ്കുണ്ടെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. വ്യാഴാഴ്ച പെന്റഗണ്‍- ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് പ്രതിരോധ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.

Latest