Connect with us

International

ഗൗതയില്‍ 37 പേര്‍ വെന്തുമരിച്ചു

Published

|

Last Updated

കിഴക്കന്‍ ഗൗതയില്‍ വിമതരുടെ നിയന്ത്രണത്തില്‍ തുടരുന്ന ഏക പ്രദേശമായ സമല്‍കയില്‍ നിന്ന് കുടുംബവുമായി കിഴക്കന്‍ ദമസ്‌കസിലേക്ക് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടുപോകുന്നവര്‍

ദമസ്‌കസ്: കിഴക്കന്‍ ഗൗതയില്‍ വീണ്ടും സിറിയന്‍ സൈന്യത്തിന്റെ രൂക്ഷമായ വ്യോമാക്രമണം. കിഴക്കന്‍ ഗൗതയിലെ ഭൂഗര്‍ഭ അഭയകേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. 37 പേര്‍ ജീവനോടെ കത്തിയെരിഞ്ഞതായും ഇവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നും സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന വ്യക്തമാക്കി. 80ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. നിരോധിത നപാം ഗ്യാസ് ഉപയോഗിച്ചുള്ള ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അതുകൊണ്ട് തന്നെ ജീവനോടെ കത്തിയെരിഞ്ഞാണ് അഭയകേന്ദ്രത്തിലെ ആളുകള്‍ മരിച്ചതെന്നും വൈറ്റ് ഹെല്‍മറ്റ് സന്നദ്ധ സംഘടനാ അംഗങ്ങള്‍ അറിയിച്ചു. അര്‍ബീന്‍ നഗരത്തില്‍ ഒരുക്കിയിരുന്ന ഈ അഭയകേന്ദ്രത്തില്‍ 117നും 125നും ഇടയില്‍ ആളുകളെ പാര്‍പ്പിച്ചിരുന്നതായും ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്നും കിഴക്കന്‍ ഗൗതയിലെ സന്നദ്ധ പ്രവര്‍ത്തകന്‍ ഇസ്സത്ത് മുസ്‌ലിമാനി ചൂണ്ടിക്കാട്ടി. പരുക്കേറ്റ പലരുടെയും ശരീരം ഭാഗികമായോ പൂര്‍ണമായോ പൊള്ളലേറ്റ നിലയിലാണ്. അടിയന്തര സംവിധാനങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നപാം ഗ്യാസ് ഉപയോഗിച്ചുള്ള ആക്രമണമാണ് സിറിയന്‍ സൈന്യം കഴിഞ്ഞ ദിവസം നടത്തിയതെന്നും യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ഇവ ശരീരം ഗുരുതരമായി പൊള്ളലേല്‍ക്കുന്നതിനും ചര്‍മരോഗത്തിനും കാരണമാകുമെന്നും കിഴക്കന്‍ ഗൗതയിലെ സന്നദ്ധ സംഘടനകള്‍ പറഞ്ഞു. അര്‍ബീന്‍ നഗരത്തിന് നേരെ നേരത്തെയും സിറിയന്‍ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ക്ലോറിന്‍ ഗ്യാസ്, ഫോസ്ഫറസ്, നപാം തുടങ്ങിയ മാരക ആയുധങ്ങളാണ് ഇവിടെ വിമതരെ ലക്ഷ്യമാക്കി സൈന്യം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
2013 മുതല്‍ കിഴക്കന്‍ ഗൗത സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലാണ്. അടുത്തിടെ സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിനൊടുവില്‍ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു.