Connect with us

Kerala

ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രൊഫ. സി രവീന്ദ്രന്‍നാഥ് നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യം അറിഞ്ഞയുടന്‍ തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പരീക്ഷ കഴിഞ്ഞതിന്റെ അടുത്തദിവസമാണ് ഫിസിക്‌സിന്റെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ക്ക് സമാനമായ ചിലതുള്‍പ്പെടുന്ന കൈകൊണ്ട് എഴുതിയ ഒരു ചോദ്യപേപ്പര്‍ ജില്ലാ കോ ഓഡിനേറ്റര്‍ക്ക് വാട്ട്‌സ് ആപ്പ് സന്ദേശത്തിലൂടെ ലഭിച്ചത്. അത് ഉടന്‍ തന്നെ ജില്ലാ കോ ഓഡിനേറ്റര്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് കൈമാറി. എന്നാല്‍, ഇത് ചോര്‍ന്നതാണോയെന്നറിയാനായി ഡയറക്ടര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ കേസ് എടുത്ത് ഡി വൈ എസ് പി അന്വേഷിച്ചുവരികയാണ്. ചോര്‍ന്നതായി ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ സ്വമേധയാ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചോര്‍ച്ച എന്ന നിലയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതില്‍ സമാനമായ ചില ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതുതന്നെ വന്നത് പരീക്ഷക്ക് മുമ്പാണോ ശേഷമാണോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. 2017ലെ ഗണിത ചോദ്യപേപ്പര്‍ ചോര്‍ന്നതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് വാട്‌സ് ആപ്പ് വഴി ചോദ്യക്കടലാസ് ലഭിച്ചതോടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം ഇക്കാര്യം ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടറും പരീക്ഷാ സെക്രട്ടറിയുമായ കെ ഇമ്പിച്ചിക്കോയക്ക് തുടര്‍ നടപടിക്കായി അയച്ചു കൊടുത്തു. ചോദ്യങ്ങള്‍ കൈകൊണ്ട് പകര്‍ത്തി എഴുതി തയ്യാറാക്കിയ നിലയിലായിരുന്നു വാട്‌സ് ആപ് വഴി പ്രചരിച്ചിരുന്നത്.

29ന് പരീക്ഷയെന്നത് വ്യാജ പ്രചാരണം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷ മാര്‍ച്ച് 29ന് നടത്താന്‍ തീരുമാനിച്ചതായുള്ള വാട്ട്‌സ് ആപ് സന്ദേശം വ്യാജമാണെന്നും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. വാട്‌സ് ആപ് വഴി പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണ്. അത്തരം വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ അറിയിച്ചു. ഫിസിക്‌സ് ചോദ്യപേപ്പര്‍ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ സൈബര്‍ െ്രെകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.