Connect with us

Kerala

വിദേശ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം കപ്പലിനായി തച്ചങ്കരി ചരടുവലിച്ചു

Published

|

Last Updated

തിരുവനന്തപുരം: പുറം കടലില്‍ വിദേശ കപ്പല്‍ മത്സ്യ ബന്ധന ബോട്ടിലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സംഭവത്തെ തുടര്‍ന്ന് കപ്പലിനെ രക്ഷിക്കാന്‍ അന്നത്തെ കോസ്റ്റല്‍ സെക്യൂരിറ്റി എ ഡി ജി പിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി ചരടുവലിച്ചെന്ന് വിവരാവകാശ രേഖ. മൂന്ന് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍മാനുമായി തീരസുരക്ഷ എ ഡി ജി പി ടോമിന്‍ തച്ചങ്കരിയുടെ സാന്നിധ്യത്തില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് കപ്പല്‍ പുറം കടലില്‍ നങ്കൂരമിടാനുള്ള വിവാദ തീരുമാനമെടുത്തത്. അപകടമുണ്ടാക്കിയ കപ്പലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തുറമുഖ ട്രസ്റ്റിന് അധികാരമില്ലെന്നിരിക്കെയാണ് തച്ചങ്കരി ഉള്‍പ്പെടെയുള്ള ഉന്നതരുടെ സാന്നിധ്യത്തില്‍ തുറമുഖ അധികൃതര്‍ യോഗം ചേര്‍ന്നത്.

തുറമുഖ ട്രസ്റ്റ് ചെയര്‍മാന്‍ പി രവീന്ദ്രന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ എ വി രാമണ്ണ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, കോസ്റ്റ് ഗാര്‍ഡ് ഡി ഐ ജി. വി കൃഷ്ണകുമാര്‍, കപ്പല്‍ ഏജന്റായ ജെ എം ബാക്‌സിയുടെ പ്രതിനിധി വി സജിത്കുമാര്‍, ഹാര്‍ബര്‍ മാസ്റ്റര്‍ ക്യാപ്റ്റന്‍ ജോസഫ് ജെ ആലപ്പാട്ട്, സീനിയര്‍ ഡെപ്യൂട്ടി ട്രാഫിക് മാനേജര്‍ ജിമ്മി ജോര്‍ജ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. യോഗ തീരുമാനത്തിലൂടെ മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടമുണ്ടാക്കിയ ആംബര്‍ എല്‍ എന്ന പാനമ കപ്പലിനെ തീരസുരക്ഷ മറികടന്ന് പുറം കടലില്‍ നങ്കൂരമിടാന്‍ അനുവദിക്കുക വഴി കപ്പല്‍ കമ്പനിക്ക് സഹായകമായ നടപടി സ്വീകരിച്ചതിന് പിന്നില്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ഇടപെടലെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

പുറം കടലില്‍ നങ്കൂരമിടാന്‍ കപ്പലുടമകള്‍ തുറമുഖത്തിനോ മര്‍ക്കൈന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോ രേഖാമൂലം അപേക്ഷ നല്‍കിരുന്നില്ലെന്നും വാക്കാല്‍ അനുമതി ചോദിക്കുകയും നല്‍കുകയും ചെയ്‌തെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് നല്‍കിയ മറുപടിയില്‍ പറയുന്നത്. ഈ യോഗത്തിന്റെ മിനുട്ട്‌സ് എഴുതിയിട്ടില്ലെന്നും തുറമുഖ ട്രസ്റ്റ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, മത്സ്യബന്ധന ബോട്ടിലിടിച്ച പാനമ ചരക്കുകപ്പലായ ആംബറിനെ തീരത്തടുപ്പിക്കേണ്ട എന്ന വിവാദ തീരുമാനം കൈക്കൊണ്ടപ്പോള്‍ രക്ഷാപ്രവര്‍ത്തനം പോലും പൂര്‍ത്തിയായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

അതേസമയം, കൊച്ചി തുറമുഖത്ത് കപ്പല്‍ച്ചാലിന് ആഴം കുറവായതിനാലാണ് കപ്പല്‍ പുറം കടലില്‍ നങ്കൂരമിടാന്‍ അനുമതി നല്‍കിയതെന്നും ഞായറാഴ്ച ആയിരുന്നതിനാല്‍ മിനുട്ട്‌സ് കുറിക്കാന്‍ സ്റ്റാഫ് ഇല്ലെന്നുമാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ഇത് ശരിയല്ലെന്ന് വ്യക്തമായിട്ടുണ്ട്. ആബര്‍ എല്‍ ചരക്ക് കപ്പലിന് തുറമുഖത്തേക്ക് കടക്കാന്‍ 11.5 മീറ്റര്‍ ആഴമാണ് വേണ്ടിയിരുന്നത്.

അന്ന് കപ്പല്‍ചാലിന് 14 മീറ്റര്‍ ആഴമുണ്ടായിരുന്നു. മാത്രമല്ല, കപ്പലിനെ പുറംകടലില്‍ നങ്കൂരമിടാന്‍ അനുവദിച്ചതിലൂടെ തെളിവ് നശിപ്പിക്കാനും കപ്പലില്‍ നിന്ന് വസ്തുക്കള്‍ മാറ്റാനും കപ്പല്‍ അധികൃതര്‍ക്ക് അവസരം നല്‍കുന്നതോടൊപ്പം കപ്പല്‍ തുറമുഖത്തെത്തിച്ചാല്‍ തീരത്തടുക്കുന്നതിനും, നിര്‍ത്തിടുന്നതിനും പ്രതിദിന വാടകയിനത്തിലും കൊച്ചിന്‍ തുറമുഖത്തിന് ലഭിച്ചേക്കാവുന്ന ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടാനുമിടയാക്കി. ഒരു വിദേശകപ്പലിന് തുറമുഖത്തേക്ക് കടക്കുന്നതിന് 4.5 ലക്ഷമാണ് ഈടാക്കി വരുന്നത്. കപ്പല്‍ പുറംകടലില്‍ കിടന്ന എട്ട് മാസത്തോളമുള്ള വാടകയിനത്തിലുമുള്ള ലക്ഷക്കണക്കിന് രൂപയാണ് തീര സുരക്ഷാ എ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിയുടെ ഇടപെടല്‍ മൂലം നഷ്ടമായത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ജൂണ്‍ 11ന് പുലര്‍ച്ചെ അപകടം നടന്ന ശേഷം ജൂലൈ 13നാണ് കപ്പലില്‍ മര്‍ക്കൈന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിശോധന നടന്നതെന്നതും ആംബറില്‍ പരിശോധനക്കായി പോകാന്‍ പോലീസിനും അഭിഭാഷകര്‍ക്കും ബോട്ട് കപ്പല്‍ ഏജന്റ് തന്നെ വാടകക്കെടുത്തു നല്‍കിയതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

ജെ എം ബാക്‌സി എന്ന കപ്പലിന്റെ ഏജന്‍സി ഈയിനത്തില്‍ 1,87,870 രൂപ ചെലവാക്കിയതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി കോസ്റ്റല്‍ പോലീസിന് കേന്ദ്രഫണ്ട് വിനിയോഗിക്കാമെന്നിരിക്കെയാണ് സ്വകാര്യ കമ്പനിയുടെ ചെലവില്‍ അന്വേഷണത്തിന് പോയതും ഇതുസംബന്ധിച്ച ഇടപെടലുകള്‍ വ്യക്തമാക്കുന്നതാണ്. ഇതിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് കപ്പലിലെ ചാര്‍ട്ട് ഡിസ്‌പ്ലേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ പരിശീലകനായ ഓസ്റ്റിന്‍ ബഞ്ചമിന്‍ എന്നയാള്‍ കരമാര്‍ഗം രക്ഷപെട്ടതും അപകടം സംബന്ധിച്ച തീരരക്ഷാ പോലീസിന്റെ അന്തിമ റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ലെന്നതും കപ്പല്‍ ഉടമകള്‍ക്ക് വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ ഇടപെടല്‍ തെളിയിക്കുന്നതാണ്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം