നല്ലാറിന് കുറുകെ തടയണ: തമിഴ്‌നാട് നീക്കം തടയുമെന്ന് മുഖ്യമന്ത്രി

Posted on: March 24, 2018 6:15 am | Last updated: March 24, 2018 at 12:00 am
SHARE

തിരുവനന്തപുരം: ഭാരതപ്പുഴയുടെ പോഷകനദിയായ നല്ലാറിന് കുറുകെ പുതിയ തടയണ നിര്‍മിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തെ കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. തമിഴ്‌നാട് ഇതിനുള്ള പ്രാരംഭ പ്രവൃത്തികള്‍ നടത്തുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും, പ്രവൃത്തിയുടെ വിശദ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന് അവര്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട ജലം കൃത്യമായ അളവില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി എട്ട്, 12 തീയതികളില്‍ കേരളം തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. പാലക്കാട് ജില്ലയിലെ രൂക്ഷമായ കുടിവെള്ളക്ഷാമവും വരള്‍ച്ചയും മൂലം കര്‍ഷകര്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നവും കത്തില്‍ സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 26ന് നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ മണക്കടവ് വിയറില്‍ മാര്‍ച്ച് ഒന്ന് വരെ 400 ക്യൂസെക്‌സും മാര്‍ച്ച് 15 വരെ 300 ക്യൂസെക്‌സ് അളവിലും ജലം നല്‍കാമെന്ന് തമിഴ്‌നാട് സമ്മതിച്ചിരുന്നു. അതിന്‌ശേഷമുള്ള ജലവിതരണം തുടര്‍ന്നുള്ള ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്ക് ശേഷം നിശ്ചയിക്കാമെന്നും ധാരണയായി.

എന്നാല്‍, ധാരണ പ്രകാരമുള്ള ജലം ലഭ്യമാകാതെ വന്നപ്പോള്‍ വീണ്ടും ഇടപെട്ടു. തുടര്‍ന്ന്, ഏറെക്കുറെ കൃത്യമായി ജലം ലഭിച്ചെങ്കിലും ഈ മാസം 15ലെ കണക്ക് പ്രകാരം 500 ദശലക്ഷം ഘനയടിയുടെ കുറവ് വന്നിട്ടുണ്ട്.

ഈ കുറവ് ചൂണ്ടിക്കാണിച്ചുകൊണ്ടും 16 മുതല്‍ 31 വരെ 200 ക്യൂസെക്‌സും അതിന് ശേഷം മെയ് 15 വരെ 100 ക്യൂസെക്‌സും ജലം മണക്കടവ് വിയറില്‍ ലഭ്യമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്താന്‍ ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here