കല്‍ബുര്‍ഗി വധം: സത്യവാങ്മൂലം നല്‍കണം

Posted on: March 24, 2018 6:04 am | Last updated: March 23, 2018 at 11:31 pm
SHARE

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ. എം എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളോടാണ് നാല് ആഴ്ചക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി കല്‍ബുര്‍ഗി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടത്.

എന്നാല്‍, കേസ് എന്‍ ഐ എ അന്വേഷിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേസ് എന്‍ ഐ എയുടെ അന്വേഷണപരിധിയില്‍ വരുന്നതല്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയില്‍ വ്യക്തമാക്കി.
വിഗ്രഹാരാധനക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ കടുത്ത നിലപാടെടുത്തിരുന്ന കല്‍ബുര്‍ഗി 2015 ആഗസ്റ്റ് മുപ്പതിനാണ് വെടിയേറ്റു മരിച്ചത്. കുടുംബാംഗങ്ങളോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കൊലയാളികള്‍ വെടിയുതിര്‍ത്തത്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രത്യേക അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉമാദേവി കല്‍ബുര്‍ഗി സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവിനെ കൊന്ന അതേ മാതൃകയില്‍ തന്നെയാണ് ഗോവിന്ദ് പന്‍സാരെയെയും ദാബോല്‍ക്കറെയും കൊന്നതെന്നും അവര്‍ ഇന്നലെ കോടതിയില്‍ ചൂണ്ടിക്കാട്ടി.