Connect with us

Articles

രാഹുല്‍ ഗാന്ധിയുടെ ധര്‍മ യുദ്ധങ്ങള്‍

Published

|

Last Updated

പരാജിതന്റെ പുലമ്പല്‍, അതും അന്തസ്സാരശൂന്യം. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്ലീനാനന്തരം, അധ്യക്ഷ സ്ഥാനം ഔപചാരികമായി ഉറപ്പിക്കപ്പെട്ടതിന് ശേഷം, രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ ബി ജെ പി നേതാവും കേന്ദ്ര പ്രതിരോധ മന്ത്രിയുമായ നിര്‍മല സീതാരാമന്‍ വിശേഷിപ്പിച്ചത് ഇവ്വിധമായിരുന്നു. നിര്‍മലയടക്കം സംഘ്പരിവാര നേതാക്കളെ സംബന്ധിച്ച്, രാഹുല്‍ ഗാന്ധിയുടെ വാക്കുകളൊക്കെ ഇവ്വിധമായേ പറ്റൂ. രാഷ്ട്രീയ എതിരാളി വിജിഗീഷുവിനെപ്പോലെ സംസാരിച്ചുവെന്നോ ആ സംസാരത്തില്‍ കാമ്പുണ്ടായിരുന്നുവെന്നോ അംഗീകരിക്കുന്നത്, സ്വന്തം പ്രസക്തി ചോദ്യംചെയ്യുന്നതിന് തുല്യമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷിതമായ ഈ പ്രതികരണത്തില്‍ അപ്രതീക്ഷിതമായത് അതിലെ ധൃതിയായിരുന്നു. എ ഐ സി സിയുടെ പ്ലീനറി സമ്മേളനം നടന്ന സ്റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി, അവസാനിപ്പിച്ച് കരഘോഷം തീരുന്നതിന് മുമ്പ് നിര്‍മല സീതാരാമന്‍ ടെലിവിഷന്‍ ക്യാമറകള്‍ക്ക് മുന്നിലെത്തി. അന്തസ്സാരശൂന്യമായ പ്രസംഗത്തോട് പ്രതികരിക്കാന്‍ എന്തിനിത്ര തിടുക്കം? പരാജിതന്റെ പുലമ്പല്‍ വിജയിയെന്ന് വിശ്വസിക്കുന്നവരുടെ ആത്മവിശ്വാസത്തെ കെടുത്താന്‍ തുടങ്ങിയോ?

എതിര്‍ ചേരിക്ക് നേതൃത്വം കൊടുക്കുന്നയാളിന്റെ സംസാരം എന്ന നിലക്ക് മാത്രമാണോ രാഹുലിന്റെ വാക്കുകള്‍ അന്തസ്സാരശൂന്യമായ പുലമ്പലായി തോന്നിയത്? അതോ അത്തരം പ്രഭാഷണങ്ങള്‍ നിരന്തരം കേള്‍ക്കയാല്‍, കേള്‍ക്കുന്നതൊക്കെയും അത്തരത്തിലുള്ളതാണെന്ന് തോന്നുന്നതാണോ? രണ്ടാമത് പറഞ്ഞതിന് സാധ്യതയേറെയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണകാലം മുതല്‍ ഇന്നോളം രാജ്യത്തെ ജനങ്ങളാകെ കേട്ടുകൊണ്ടിരിക്കുന്നത് ഇത്തരം ശബ്ദഘോഷമാണല്ലോ! പൊതുതിരഞ്ഞെടുപ്പിലും പിന്നിട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗത്തിലും ബി ജെ പിക്ക് വിജയമൊരുക്കിയ ശബ്ദഘോഷം. അതിനൊരു ബദലുണ്ടാകുന്നുവെന്നാണെങ്കില്‍ ജനം ആകൃഷ്ടരാകാനുള്ള സാധ്യത ഏറെയാണെന്ന് എളുപ്പത്തില്‍ മനസ്സിലാകുക സംഘ്പരിവാരത്തിനും അതിന്റെ നേതാക്കള്‍ക്കുമായിരിക്കും. എന്തായാലും “യുവരാജാവെ”ന്നും “പപ്പു മോനെ”ന്നും പരിഹസിച്ച്, രാഹുല്‍ ഗാന്ധിയെ അവഗണിച്ച് നിര്‍ത്തിയിരുന്ന ബി ജെ പി/സംഘ്പരിവാര്‍ നേതൃത്വത്തിന് ആ വാക്കുകളോട് പ്രതികരിക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിരിക്കുന്നു. അതുകൊണ്ടാണ് നിര്‍മല സീതാരാമന് ധൃതിയുണ്ടായത്, ധൃതിയില്‍ പ്രതികരിക്കണമെന്ന തോന്നല്‍ സംഘ്പരിവാര നേതൃത്വത്തിന് ഉണ്ടായത്.

ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത്, അമേരിക്കയുമായുണ്ടാക്കുന്ന സൈനികേതര ആണവ സഹകരണ കരാറിനെ പിന്തുണച്ച്, പാര്‍ലിമെന്റില്‍ ആദ്യത്തെ പ്രസംഗം നടത്തുമ്പോഴത്തെ ദുര്‍ബല ശബ്ദമല്ല ഇപ്പോള്‍ രാഹുല്‍ ഗാന്ധി. അതിന് ശേഷം നടത്തിയ പ്രസംഗങ്ങളിലും പ്രവൃത്തികളിലും കാണിച്ച പാകതയില്ലായ്മ ഏറെക്കുറെ പരിഹരിക്കപ്പെട്ടിരിക്കുന്നു. തീവ്ര ഹിന്ദുത്വ അജന്‍ഡകള്‍ നടപ്പാക്കി, ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ച് അധികാരത്തുടര്‍ച്ചയും ഹിന്ദുരാഷ്ട്ര സ്ഥാപനവും സ്വപ്‌നം കാണുന്ന സംഘ്പരിവാരത്തെ നേരിടണമെങ്കില്‍ ആദ്യം വേണ്ടത് ഭൂരിപക്ഷ സമുദായത്തിനകത്ത് സ്വാധീനമുറപ്പിക്കുകയാണെന്ന തിരിച്ചറിവ് രാഷ്ട്രീയത്തിലെ രണ്ട് പതിറ്റാണ്ട് രാഹുലിനെ പഠിപ്പിച്ചിരിക്കുന്നു. ഗുജറാത്തിലെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളൊക്കെ കയറിയിറങ്ങി, ഹിന്ദുവെന്ന് സ്ഥാപിച്ചെടുത്ത്് നിയമസഭാ തിരഞ്ഞെടുപ്പില്‍ പയറ്റിയ അതേ തന്ത്രം അടുത്ത് നടക്കുന്ന കര്‍ണാകട നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രയോഗിക്കാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിന്റെ സൂചനയുണ്ടായിരുന്നു രാഹുലിന്റെ വാക്കുകളില്‍.

ധര്‍മാധര്‍മങ്ങള്‍ ഏറ്റുമുട്ടിയ കുരുക്ഷേത്രത്തെ പരാമര്‍ശിച്ച് തുടക്കം. ഏത് അധര്‍മത്തിലൂടെയും അധികാരത്തില്‍ തുടരാന്‍ ഉദ്യമിക്കുന്ന കൗരവരോടുള്ള ഉപമ. സൈനിക ശേഷിയിലെ ദൗര്‍ബല്യം ധര്‍മബോധം കൊണ്ട് മറികടന്ന് വിജയം വരിച്ച പാണ്ഡവരോടുള്ള താദാത്മ്യം. “ഭാരതവംശ”ത്തിന്റെ ഏകാവകാശികളായി സ്വയം അവരോധിക്കാനുള്ള ശ്രമം അത്രയെളുപ്പത്തില്‍ നടക്കില്ലെന്ന തോന്നലുണ്ടാക്കിയിരിക്കുന്നു സംഘ്പരിവാരത്തില്‍. അതിനൊപ്പം രാജ്യസ്‌നേഹത്തിലുള്ള അവരുടെ അവകാശവാദത്തെയും യുക്തിഭദ്രമായി ചോദ്യംചെയ്യുന്നുണ്ട് രാഹുല്‍. ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി, രക്തസാക്ഷിത്വം വരിച്ചവരുടെ പട്ടിക ഓരോ സംസ്ഥാനത്തും നിരത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന്, പറയുകയും ആന്‍ഡമാനിലെ ജയിലില്‍ നിന്ന് ബ്രീട്ടീഷ് രാജാധികാരത്തോട് മാപ്പപേക്ഷയെഴുതിയ വി ഡി സവര്‍ക്കറുടെ പാരമ്പര്യം ചൂണ്ടിക്കാട്ടുകയും ചെയ്യുമ്പോള്‍ അത് അന്തസ്സാരശൂന്യമായ പുലമ്പലായി സംഘ്പരിവാരത്തിന് തോന്നുക സ്വാഭാവികം.

പിന്നെയുള്ളത് വികസനത്തെക്കുറിച്ചുള്ള വായ്ത്താരിയാണ്. തൊഴിലവസരം വര്‍ധിപ്പിക്കാനും രാജ്യത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്താനും “ഞാനേയുള്ളൂ”വെന്നായിരുന്നു 2014ലെ പ്രചാരണഘട്ടത്തില്‍ നരേന്ദ്ര മോദിയുടെ വാക്കുകള്‍. നാലാണ്ടെത്തുമ്പോള്‍ സംഗതികളാകെ കൈവിട്ടിരിക്കുന്നു. തൊഴിലവസരങ്ങള്‍ പുതുതായുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, യു പി എ സര്‍ക്കാറുകളുടെ കാലത്ത് ഈ രംഗത്തുണ്ടായിരുന്ന വളര്‍ച്ച മുരടിക്കുകയും ചെയ്തിരിക്കുന്നു. വളര്‍ച്ച കണക്കാക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറ്റിയിട്ടും മൊത്തം ആഭ്യന്തര ഉത്പാദനം വേണ്ടവിധം കൂടുന്നില്ല. നോട്ട് പിന്‍വലിക്കലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകാതെ ചരക്ക് സേവന നികുതി നടപ്പാക്കലും കൂടിയായപ്പോള്‍ വ്യവസായ – വാണിജ്യ മേഖലകളിലുണ്ടായ മുരടിപ്പ് ജനങ്ങളുടെ അതൃപ്തി കൂട്ടി. അതിന്റെ ഫലമാണ് ഗുജറാത്തിലെ പരാജയഭിതിയുയര്‍ത്തിയ വിജയം, രാജസ്ഥാനിലെ ഉപതിരഞ്ഞെടുപ്പുകളിലേറ്റ വലിയ തോല്‍വി ഒക്കെ. ഘടകകക്ഷികളില്‍ പലരും മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്, സംഘടന എന്ന നിലയില്‍ ബി ജെ പിയെ ബാധിക്കില്ല, ലോക്‌സഭയില്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് ഭരണത്തെയും. പക്ഷേ, എന്തുകൊണ്ട് ഇവരൊക്കെ മോദി – ഷാ ബന്ധം ഉപേക്ഷിക്കുന്നുവെന്ന തോന്നല്‍, ജനത്തിന്റെ മനസ്സിലുണ്ടാക്കും. അതൃപ്തിയുടെ ഈ വിള്ളലുകളിലേക്ക് വേരൂന്നാന്‍ പാകത്തില്‍ സംഘടനയെ സജ്ജമാക്കുക എന്നതാണ് ചെയ്യേണ്ടത് എന്ന ബോധ്യമുണ്ടായിരിക്കുന്നുവെന്നതും രാഹുലിന്റെ വാക്കുകളില്‍ വ്യക്തം.

നേതാക്കളും പ്രവര്‍ത്തകരും തമ്മിലുള്ള മതില്‍ ഇടിച്ചുകളയുക എന്നതാണ് തന്റെ പ്രധാന ഉത്തരവാദിത്തമെന്നും അത് വേദനയില്ലാതെ ചെയ്യുമെന്നും രാഹുല്‍ പറയുമ്പോള്‍ അത് ശേഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടാക്കുന്ന വികാരം പ്രധാനമാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം വാഗ്ദാനം ചെയ്യുകയും തിരഞ്ഞെടുപ്പുകളില്‍ സീറ്റ് അനുഭവിക്കുമ്പോള്‍ പ്രവര്‍ത്തന മികവ് പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍, തങ്ങളെ പരിഗണിക്കുന്ന നേതൃത്വമുണ്ടായിരിക്കുന്നുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്. കോണ്‍ഗ്രസ് നേതൃ സമ്മേളനത്തിന്റെ പരമ്പരാഗത വേദിയായിരുന്നില്ല, ഈ പ്ലീനറി സമ്മേളനത്തില്‍. ഒഴിഞ്ഞിരിക്കുന്ന വേദി, കഴിവുള്ള യുവാക്കള്‍ക്കു വേണ്ടിയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍, കുരുക്ഷേത്രത്തില്‍ ചക്രവ്യൂഹം തകര്‍ക്കാന്‍ ശേഷിയുള്ള അഭിമന്യുമാരെ തേടുകയാണെന്നാണ് രാഹുല്‍ പറഞ്ഞുവെച്ചത്.

പരാജയത്തിന്റെ ഭാരം പേറാന്‍ മാത്രമുള്ള പാര്‍ട്ടിയായിരുന്നു 2014ന് ശേഷം കോണ്‍ഗ്രസ്. പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാന്‍ പ്രവര്‍ത്തകരും നേതാക്കളും മടിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള ഒഴുക്ക് പലയിടത്തും ബി ജെ പിയെ തുണക്കുകയും ചെയ്തു. ആ ഒഴുക്ക് അവസാനിക്കണമെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തിരികെപ്പിടിക്കണം. അതിന് ആദ്യം വേണ്ടത് ആത്മവിശ്വാസമുള്ള പ്രവര്‍ത്തകരുണ്ടാകുക എന്നതാണ്. അത്തരം പ്രവര്‍ത്തകരുണ്ടെങ്കിലേ ജഡാവസ്ഥയിലല്ല കോണ്‍ഗ്രസെന്ന തോന്നല്‍, ശബ്ദഘോഷമുണ്ടാക്കിയ മായിക നിദ്രയില്‍ നിന്നുണരുന്ന ജനത്തിനുണ്ടാകൂ. അത്തരമൊരു സ്ഥിതിയിലേക്ക് കാര്യങ്ങളെ നീക്കണമെങ്കില്‍ ആദ്യം വേണ്ടത്, ദൃഢതയുള്ള ശബ്ദവും ആത്മവിശ്വാസം ദ്യുതിക്കുന്ന മുഖഭാവവും യുദ്ധത്തിന് തയ്യാറെന്ന പ്രതീതി ജനിപ്പിക്കുന്ന വാക്കുകളുമാണ്. ഇത് സ്വായത്തമാക്കിയിരിക്കുന്നു രാഹുലെന്ന് നിസ്സംശയം പറയാം. അതു മനസ്സിലായതുകൊണ്ടാണ്, അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവിനോട് പോരടിക്കാന്‍ ആരുണ്ടെന്ന് ഊറ്റം കൊണ്ടിരുന്നവര്‍, ഏറെ ധൃതിയില്‍ പ്രതികരിച്ചത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച്, സംഘ്പരിവാരത്തിന്റെ വര്‍ഗീയ അജന്‍ഡകളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷത്തെ പാര്‍ട്ടികളെ സംബന്ധിച്ച്, പ്ലീനറി സമ്മേളനവും രാഹുല്‍ ഗാന്ധിയുടെ പ്രകടനവും പ്രതീക്ഷ നല്‍കുന്നതാണ്. പക്ഷേ, രാജ്യത്തിന്റെ സാമൂഹിക – സാമ്പത്തിക ക്രമത്തിലെ അസന്തുലിതാവസ്ഥയും അസന്തുലിതമായ വളര്‍ച്ചയും ഇല്ലാതാക്കുന്നതില്‍ യാതൊന്നും ഇത് പ്രദാനം ചെയ്തിട്ടില്ല എന്നത് വസ്തുതയായി നില്‍ക്കുന്നു. ബി ജെ പി സര്‍ക്കാറിന്റെ സാമ്പത്തികനയങ്ങള്‍ രാജ്യത്തെ ജനങ്ങളെ ദ്രോഹിക്കുന്നതാണെന്ന് കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ്, ആ നയങ്ങളുടെ ആവിഷ്‌കര്‍ത്താക്കള്‍ തങ്ങളാണെന്നത് ബോധപൂര്‍വം മറക്കുകയാണ് പതിവ്. ആ പതിവിലൊരു മാറ്റം പ്രതീക്ഷിച്ചവര്‍ ഇക്കുറിയും നിരാശരായി. ഉദാരവത്കരണനയങ്ങള്‍ വേഗത്തില്‍ തുടരുക എന്നത് തന്നെയാണ് നയമെന്ന് ആവര്‍ത്തിച്ച കോണ്‍ഗ്രസ്, അത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മാറ്റുമെന്നാണ് വാഗ്ദാനം ചെയ്യുന്നത്. യു പി എ സര്‍ക്കാറില്‍ പ്രധാനമന്ത്രിയായിരിക്കെ ഡോ. മന്‍മോഹന്‍ സിംഗ് ആവര്‍ത്തിച്ച് പഴകിയ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്ന ഫലമില്ലാത്ത മന്ത്രത്തില്‍ നിന്ന് വലിയ മാറ്റമൊന്നും ഇവിടെയില്ല.

രാജ്യത്ത് വളര്‍ന്നുവരുന്ന കര്‍ഷക സമരങ്ങള്‍, അസംഘടിത മേഖലയിലുണ്ടാകുന്ന തളര്‍ച്ച, അതിലൂടെയുണ്ടാകുന്ന തൊഴില്‍ നഷ്ടം ഇത്തരം സംഗതികളെ ക്രിയാത്മകമായി സമീപിക്കുന്നതിന് ഈ നയം കോണ്‍ഗ്രസിന് വിലങ്ങുതടിയാകുമെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ നരേന്ദ്ര മോദി സര്‍ക്കാറിനോടുള്ള അസംതൃപ്തിയെ ആകെ പിഴിഞ്ഞെടുക്കാവുന്ന ഒന്നായി മാറാന്‍ രാഹുലിന്റെ കോണ്‍ഗ്രസിന് സാധിക്കില്ല. നിലവില്‍ സംഘടന ദുര്‍ബലമായ ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ജനബന്ധം ഉറപ്പാക്കി ശക്തിയാര്‍ജിക്കാനുള്ള സമയം 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിന് ലഭിക്കുകയുമില്ല. ഇവിടങ്ങളില്‍ സംഘടന ശക്തിപ്പെടുത്താന്‍ യാതൊന്നും ഇത്രയും കാലത്തിനിടെ ചെയ്യാന്‍ രാഹുലിന് സാധിച്ചില്ലെന്നതും വസ്തുതയായി മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഒറ്റക്കുള്ള പോരാട്ടത്തിന്റെ സൈന്യാധിപനാകാന്‍ തത്കാലം രാഹുലിന് കഴിയില്ല. അക്ഷൗഹിണിയില്‍ സമാന പാര്‍ട്ടികളുടെ സൈന്യത്തെ കൂടി അണിനിരത്തിയാലേ കുരുക്ഷേത്രത്തിലെ പോരില്‍ ജയസാധ്യതയുള്ളൂ. പോരുണ്ടാകുമെന്ന പ്രതീതി കൗരവപക്ഷത്ത് ജനിപ്പിക്കാന്‍ സാധിച്ചത് വിജയമാണ്. അതുപോലെ പ്രധാനമാണ് താരതമ്യേന ചെറുതെങ്കിലും സൃദൃഢമായ സൈന്യം കൂടെയുണ്ടാകുക എന്നത്. ചക്രവ്യൂഹം തകര്‍ക്കാനിറങ്ങുന്ന അഭിമന്യുമാരെ പിന്നില്‍ നിന്ന് തുണക്കാന്‍ തന്ത്രശാലികളായ യോദ്ധാക്കള്‍ വേണം. അവരാരൊക്കെ എന്നതില്‍ ശങ്ക ബാക്കിയാണ്. പ്ലീനറി സമ്മേളനം അതിനുള്ള വേദി കൂടിയാക്കാന്‍ സാധിച്ചില്ലെന്നത് ഈ ഘട്ടത്തില്‍ രാഹുലിന്റെ പരാജയമാണ്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest