കേംബ്രിജ് അനലിറ്റക്ക മാര്‍ച്ച് 31നകം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്
Posted on: March 23, 2018 10:19 pm | Last updated: March 24, 2018 at 10:24 am
SHARE

ന്യൂഡല്‍ഹി: ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അനധികൃതമായി ശേഖരിക്കുകയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റക്കയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നാണ് നോട്ടീസില്‍ ആരാഞ്ഞിരിക്കുന്നത്. മാര്‍ച്ച് 31നകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. കേംബ്രിജ് അനലിറ്റക്കയുടെ സേവനങ്ങള്‍ സ്വീകരിച്ചത് ആരൊക്കെയാണെന്നും ഏതു രീതിയിലാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും വ്യക്തമാക്കാന്‍ നോട്ടീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉപഭോക്താക്കളുടെ സമ്മതത്തോടെയാണോ വിവരങ്ങള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

2016ലെ അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വിഭാഗത്തിനായി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക(സി എ) കമ്പനി 50 ദശലക്ഷത്തോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അവരറിയാതെ ശേഖരിച്ചുവെന്നാണ് ആരോപണം. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സി എ യുടെ തലവന്‍ അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി ബോര്‍ഡ് നേരത്തെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ കമ്പനി ലംഘിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍. എന്നാല്‍ തങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നാണ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here