ഷാര്‍ജാ പൈതൃകദിനാഘോഷം അടുത്ത മാസം നാല് മുതല്‍

Posted on: March 23, 2018 9:37 pm | Last updated: March 23, 2018 at 9:37 pm

ഷാര്‍ജ: ഷാര്‍ജാ പൈതൃക ദിനാഘോഷം ഏപ്രില്‍ നാല് മുതല്‍ 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്നു അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൈതൃകം മുറുകെപ്പിടിച്ച് മുന്നേറാം എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ 31 രാജ്യങ്ങളും നാല് രാജ്യാന്തര സംഘടനകളും പങ്കെടുക്കും. സുഡാന്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, യെമന്‍, ഇറാഖ്, ഈജിപ്ത്, ജോര്‍ദാന്‍, പലസ്തീന്‍, മൗറിറ്റാനിയ, ലിബിയ, തുനീസിയ, മൊറോക്കോ, അള്‍ജീരിയ, ലബനന്‍, മാള്‍ട്ട, ഇറ്റലി, തജകിസ്ഥാന്‍, ബോസ്‌നിയ, മെക്‌സിക്കോ, പരാഗ്വോ, അര്‍ജന്റീന, ക്രൊയേഷ്യ, ഫ്രാന്‍സ്, ജര്‍മനി, ബെലറുസിയ, സ്‌പെയിന്‍, ജപാന്‍, ചൈന എന്നിവയാണ് പങ്കെടുക്കുന്ന രാജ്യങ്ങള്‍. അതിഥി രാജ്യം ചെക് റിപബ്ലിക്.

ആഗോള സാംസ്‌കാരിക പരിപാടികളാണ് ഇപ്രാവശ്യത്തെ പ്രത്യേകത. കള്‍ചറല്‍ കഫെയില്‍ 16 പരിപാടികള്‍ അരങ്ങേറും. കൂടാതെ, സമൂഹ മാധ്യമ കഫെ, പുരതാന ചരിത്ര മുദ്രകള്‍, കരകൗശല വസ്തുക്കള്‍, നാടന്‍കഥകള്‍, കുട്ടികളുടെ ഗ്രാമം എന്നിവ അരങ്ങേറും. 18 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഐഒവി, സിഐഒഎസ്എസ്, അസോസിയേഷന്‍ ഫ്രാഞ്ചൈസ് ഡെസ് ജിയുക്‌സ് പോപുലയര്‍സ്, 12 പുതിയ ഇബുക്കുകള്‍, പ്രദര്‍ശനങ്ങള്‍, 82 ഭക്ഷണ ശാലകള്‍ തുടങ്ങിയവയും ഉണ്ടായിരിക്കും.

യുഎഇയുടെ സംസ്‌കാരവും പാരമ്പര്യവും രാജ്യാന്തര തലത്തില്‍ എത്തിക്കുന്നതിനാണ് എല്ലാ വര്‍ഷവും പൈതൃക ദിനങ്ങള്‍ കൊണ്ടാടുന്നതെന്ന് ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെറിറ്റേജ്, ഹെറിറ്റേജ് ഡേയ്‌സ് ഹയര്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ മുസല്ലം പറഞ്ഞു. ഷാര്‍ജ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെറിറ്റേജ് ഉപ മേധാവി മുഹമ്മദ് ഖമീസ്, പൈതൃക ദിനങ്ങളുടെ ജനറല്‍ കൊ ഓര്‍ഡിനേറ്റര്‍ ബാദിര്‍ അല്‍ ഷെഹി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.