Connect with us

Gulf

ടാറ്റ ഗ്രൂപ്പും ഡി പി വേള്‍ഡും കൈകോര്‍ക്കുന്നു

Published

|

Last Updated

ദുബൈ: ടാറ്റാ ഗ്രൂപ്പും ഡി പി വേള്‍ഡും കൈകോര്‍ക്കും. ഡിപി വേള്‍ഡ് ചെയര്‍മാനും സി ഇ ഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായമുമായി ടാറ്റാ ഗ്രൂപ്പ് ഉന്നതതല സംഘം കൂടിക്കാഴ്ച നടത്തി.
ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും വിതരണ ശൃംഖലകളും ഒരുക്കുക, വിവിധ മേഖലകളില്‍ മികച്ച സേവനം ഉറപ്പാക്കുക, നൂതന ആശയങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുക തുടങ്ങിയ സഹകരണ സാധ്യതകള്‍ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ജാഫ്‌സ സിഇഒ അഹമ്മദ് അല്‍ ഹദ്ദാദ്, ദുബൈ ട്രേഡ് സി ഇ ഒ മഹ്മൂദ് അല്‍ ബസ്തകി എന്നിവരും പങ്കെടുത്തു. എണ്‍പതിലേറെ രാജ്യങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ മേഖലകളിലായി 114 കമ്പനികള്‍ ഗ്രൂപ്പിനു കീഴിലുണ്ട്. 150 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റാ ഗ്രൂപ്പുമായുള്ള സഹകരണം വ്യാപാര-സാമ്പത്തിക മേഖലകളിലടക്കം വന്‍ മുന്നേറ്റത്തിനു വഴിയൊരുക്കുമെന്നു സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു.

ഇന്ത്യയും യുഎഇയും തമ്മില്‍ ആഴത്തിലുള്ള സൗഹൃദം ഇത്തരമൊരു സഹകരണത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ലോജിസ്റ്റിക്‌സ് രംഗത്ത് ഡിപി വേള്‍ഡ് ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ ഇരുകമ്പനികള്‍ക്കുമുള്ള അനുഭവ സമ്പത്ത് പുതിയ സംരംഭങ്ങള്‍ക്കു ഗുണകരമാകും. വൈജ്ഞാനിക മേഖലയിലെ അറിവുകളും അനുഭവ പരിചയവും പരസ്പരം പങ്കുവയ്ക്കാന്‍ കഴിയും. നാല്‍പതു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡിപി വേള്‍ഡ് രാജ്യാന്തര വിതരണ ശൃംഖലയില്‍ സുപ്രധാന പങ്കു വഹിക്കുന്നു. ജബല്‍ അലി മാതൃകയിലുള്ള തുറമുഖവും ഫ്രീസോണും വിവിധ രാജ്യങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ തുറമുഖങ്ങളില്‍ നിന്നുള്ള കണ്ടെയ്‌നര്‍ ചരക്കുനീക്കം സുഗമമാക്കാന്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് ഡി പി വേള്‍ഡ് ലോക ഭരണകൂട ഉച്ചകോടിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി ഉള്‍നാടന്‍ ജലപാതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും. 1500 കോടി മുതല്‍മുടക്കി ജമ്മുവിലും ശ്രീനഗറിലും ഡിപി വേള്‍ഡ് ലോജിസ്റ്റിക്‌സ് ഹബ് നിര്‍മിക്കുന്നുണ്ട്.

Latest