യു എ ഇ ഭൗമ മണിക്കൂര്‍ ആചരിക്കും

Posted on: March 23, 2018 9:33 pm | Last updated: March 23, 2018 at 9:33 pm

ദുബൈ: ഊര്‍ജ സംരക്ഷണത്തിന്റെ സന്ദേശം വിളിച്ചോതി നാളെ യു എ ഇ ഭൗമ മണിക്കൂര്‍ ആചരിക്കും. 2007ല്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ആരംഭിച്ച ഈ പ്രവര്‍ ത്തനം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കയാണ്. കാലാവസ്ഥ വ്യതിയാനം ആഗോള തലത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഭൗമ മണിക്കൂര്‍ ആചരിക്കുന്നത്. രാത്രി 8. 30 മുതല്‍ 9.30 വരെ മിക്ക സ്ഥാപനങ്ങളും വിളക്കുകള്‍ അണക്കുകയോ ഊര്‍ജ ഉപയോഗം പരമാവധി കുറക്കുകയോ ചെയ്യും. വിദേശി സ്വദേശി വ്യത്യാസമന്യേ സമൂഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കും.

ദുബൈയില്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നിരവധി ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മാജിദ് അല്‍ ഫുതൈമിന് കീഴിലുള്ള മാളുകളില്‍ വിത്ത് പെന്‍സിലുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഫെസ്റ്റിവല്‍ സിറ്റിയും ഭൗമ മണിക്കൂര്‍ ആചരിക്കും.
പെന്‍സില്‍ ഒന്നിലധികം തവണ മുന കൂര്‍പ്പിച്ചു ചെറുതാകുമ്പോള്‍ നടാനും പറ്റും. മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, സിറ്റി സെന്റര്‍ എന്നിവടങ്ങളിലാണ് പെന്‍സില്‍ വിത്ത് ലഭ്യമാകുക.
ഭൗമ ദിനാചരണത്തില്‍ കെ എം സി സിയും പങ്കാളിയാവും. നാളെ രാത്രി 8.30ന് അല്‍ ബറഹ കെ എം സി സി ഓഡിറ്റോറിയത്തില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.