അടുത്ത ആഴ്ച അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുമെന്ന്

Posted on: March 23, 2018 9:32 pm | Last updated: March 23, 2018 at 9:32 pm

ദുബൈ: ശൈത്യകാലത്തിന് വിട നല്‍കി വസന്തകാലം പിറന്നതോടെ രാജ്യത്ത് അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നു. അടുത്ത ആഴ്ച്ചയില്‍ അന്തരീക്ഷ താപം വര്‍ധിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുറത്തു വിട്ട കാലാവസ്ഥാ മുന്നറിയിപ്പിലാണ് കേന്ദ്രം ഇക്കാര്യമറിയിച്ചത്. തീര പ്രദേശങ്ങളില്‍ അന്തരീക്ഷ ഈര്‍പം വര്‍ദ്ധിക്കും.

പുക മഞ്ഞു കനത്തു ചിലയിടങ്ങളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. യു എ ഇയുടെ വിവിധ ഭാഗങ്ങളിലും അബുദാബിയിലും പുക മഞ്ഞു കനത്തതിന്റെ ദൃശ്യങ്ങള്‍ കാലാവസ്ഥാ കേന്ദ്രം തങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

ശനിയാഴ്ച വരെ കാലാവസ്ഥയില്‍ മാറ്റമില്ലാതെ തുടരും. അന്തരീക്ഷം മേഖാവൃതമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പിലുണ്ട്. എന്നാല്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ചൂടില്‍ നിന്ന് ആശ്വാസം നേടാനാകുമെന്നും മുന്നറിയിപ്പില്‍ ചൂണ്ടികാട്ടുന്നുണ്ട്. രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പം വര്‍ധിക്കും. പടിഞ്ഞാറന്‍ തീര പ്രദേശത്താണ് പുലര്‍കാല വേളയില്‍ അന്തരീക്ഷ ഈര്‍പം ശക്തിപ്രാപിക്കുക. വടക്ക് കിഴക്ക്, തെക്ക് കിഴക്കന്‍ മേഖലയില്‍ പൊടി പടലങ്ങളോട് കൂടിയ കാറ്റ് ശക്തി പ്രാപിക്കുന്നതിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.