Connect with us

Kerala

കുഞ്ഞനന്തനെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ നീക്കം; ശിക്ഷാ ഇളവ് നിയമവിധേയമായി മാത്രം- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ജയിലുകളില്‍ നിന്ന് നിയമവിധേയമായിട്ടല്ലാതെ ആരെയും വിട്ടയക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ ആരെയും വിട്ടയക്കാന്‍ തീരുമാനിച്ചിട്ടില്ല. നിയമപ്രകാരമുള്ള പരിശോധന നടത്താതെ ആരെയും വിട്ടയക്കുന്ന പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടി പി കേസ് പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കുഞ്ഞനന്തന്റെ കാര്യത്തില്‍ പോലീസിനോടും സാമൂഹികക്ഷേമ വകുപ്പിനോടും വിവരശേഖരണം നടത്താന്‍ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിട്ടയക്കുമ്പോള്‍ പരിശോധിക്കേണ്ട കാര്യങ്ങള്‍ വിലയിരുത്തി മാത്രമേ ആരെയായാലും വിട്ടയക്കുകയുള്ളൂ. ഭരണഘടനയുടെയും ജയില്‍ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വര്‍ഷങ്ങളായി പരോള്‍ ലഭിക്കാതെ കഴിയുന്ന മുപ്പത് പേരുടെ കാര്യം പരിശോധിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ മാത്രമല്ല, കോണ്‍ഗ്രസുകാരനായ മധു ഈച്ചരത്തിനെ കൊന്ന അഞ്ച് യു ഡി എഫുകാര്‍ ഉള്‍പ്പെടെ 19 പേര്‍ക്ക് പരോള്‍ അനുവദിക്കുകയും ചെയ്തു. ഇക്കാര്യത്തിലൊന്നും രാഷ്ട്രീയ വിവേചനം കാട്ടാറില്ല. മുന്‍ സര്‍ക്കാറിന്റെ കാലത്ത് 456 പേരെ വിട്ടയച്ചിട്ടുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതുവരെ ആര്‍ക്കും മോചനം നല്‍കിയിട്ടില്ല.

അലക്‌സാണ്ടര്‍ ജേക്കബ് അധ്യക്ഷനായ ജയില്‍ പരിഷ്‌കരണ സമിതി എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് ഇളവ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 59 പേരുടെ പട്ടിക ശേഖരിച്ചു. അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹികക്ഷേമ വകുപ്പ് ശേഖരിക്കുന്നുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടും ശേഖരിക്കണം. ഇതൊക്കെ നിയമാനുസൃതമായ നടപടികള്‍ മാത്രമാണ്. വിവരം ശേഖരിക്കുകയെന്നത് നടപടിക്രമം മാത്രമാണ്. ഇതല്ലാതെ ആരെയും വിട്ടയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി പി കേസിലെ പതിമൂന്നാം പ്രതിയായി ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞനന്തനെ വിട്ടയക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിന് വ്യക്തമായ വ്യവസ്ഥകള്‍ വിധിന്യായത്തില്‍ തന്നെ വിചാരണാ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടതിയിലും അപ്പില്‍ പാടില്ല. എന്നാല്‍, ഈ കേസില്‍ മൂന്ന് അപ്പീലുകള്‍ ഉയര്‍ന്ന കോടതികളില്‍ നിലനില്‍ക്കുന്നുണ്ട്. സ്വജനപക്ഷപാതത്തിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
വിട്ടയക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നതാണ് ആശങ്കയുണ്ടാക്കുന്നതെന്ന് ഇറങ്ങിപ്പോക്കിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ബാലകൃഷ്ണ പിള്ളക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ ശിക്ഷയുടെ മൂന്നില്‍ രണ്ട് അനുഭവിക്കാതെ ഇളവ് പറ്റില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ഇതു പ്രകാരമാണെങ്കില്‍ കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.