ആംആദ്മിക്ക് ആശ്വാസം: 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Posted on: March 23, 2018 2:46 pm | Last updated: March 24, 2018 at 10:23 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 20 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റെന്ന് ഹൈക്കോടതി വിലയിരുത്തി. ഇരട്ടപ്പദവി പരാതികള്‍ കമ്മീഷന്‍ വീണ്ടും പരിഗണിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇരട്ടപ്പദവി വഹിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എംഎല്‍എമാരെ അയോഗ്യരാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകരിക്കുകയായിരുന്നു. നടപടി ചോദ്യം ചെയ്ത് എ എ പിയുടെ ഏഴ് എം എല്‍ എമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2015ല്‍ ഡല്‍ഹിയില്‍ വന്‍ ഭൂരിപക്ഷത്തോടെ എ എ പി അധികാരത്തിലെത്തിയതിനു പിന്നാലെ 21 എം എല്‍ എമാരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിക്കുകയായിരുന്നു. ഇവരില്‍ രജൗരി ഗാര്‍ഡനില്‍ നിന്നുള്ള എം എല്‍ എയായ ജര്‍ണയില്‍ സിംഗ് രാജിവെച്ച് പഞ്ചാബില്‍ പ്രകാശ് സിംഗ് ബാദലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇരട്ടപ്പദവി വഹിച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

ഭരണഘടന പ്രകാരം പാര്‍ലിമെന്റിലെയോ നിയമസഭയിലെയോ അംഗങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രതിഫലം ലഭിക്കുന്ന പദവികള്‍ വഹിക്കുകയോ അതിന്റെ ഭാഗമായി ഓഫീസ് ഉള്‍പ്പെടെയുള്ള മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാനോ പാടില്ല. ഇത് ലംഘിക്കുകയാണെങ്കില്‍ അംഗങ്ങളെ അയോഗ്യരാക്കാമെന്നാണ് ചട്ടം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ രാഷ്ട്രപതിക്ക് കൈമാറിയത്.

വിവാദമായ നിയമനം
ഡല്‍ഹിയില്‍ ഭരണം സുഗമമാക്കുന്നതിന് വേണ്ടി അധികാരത്തിലെത്തിയതിന് പിന്നാലെ 2015 മാര്‍ച്ച് പതിമൂന്നിനാണ് 21 എം എല്‍ എമാരെ പാര്‍ലിമെന്ററി സെക്രട്ടറിമാരായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമിച്ചത്. എം എല്‍ എമാര്‍ ഇരട്ടപ്പദവി വഹിക്കുന്നത് ചൂണ്ടിക്കാട്ടി അന്നത്തെ രാഷ്ട്രപതിയായ പ്രണാബ് മുഖര്‍ജിക്ക് പരാതി നല്‍കുകയായിരുന്നു. പ്രശ്‌നം മറികടക്കുന്നതിനായി അയോഗ്യത ഇല്ലാതാക്കുന്നതിനുള്ള നിയമഭേദഗതി ബില്‍ സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയെങ്കിലും രാഷ്ട്രപതി അംഗീകാരം നല്‍കിയില്ല. പിന്നീട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് കോടതി വിലക്കുകയായിരുന്നു.