രാജ്യസഭാ തിരഞ്ഞെടുപ്പ്: യു പിയില്‍ ക്രോസ് വോട്ടിംഗ്

Posted on: March 23, 2018 2:24 pm | Last updated: March 23, 2018 at 5:03 pm

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളില്‍ 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടിംഗ് പുരോഗമിക്കവെ യു പി യില്‍ നാടകീയ നീക്കങ്ങള്‍. യു പിയില്‍ പത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ എസ് പി-ബി എസ് പി സഖ്യത്തെ അമ്പരപ്പിച്ചുകൊണ്ട് ബി എസ് പി എംഎല്‍എ ബി ജെ പിക്ക് ക്രോസ് വോട്ട് ചെയ്തു.

രാവിലെ വോട്ട് ചെയ്ത ശേഷം പുറത്തുവന്ന ബി എസ് പി എംഎല്‍ എയായ അനില്‍കുമാര്‍ സിംഗ് താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. കോണ്‍ഗ്രസ് എം എല്‍ എ നരേഷ് സെയ്‌നിയും ബി ജെ പിക്ക് ക്രോസ് വോട്ട് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താന്‍ ബി എസ് പി സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്‌തെന്ന് സെയ്‌നി പിന്നീട് പ്രസ്താവനയിലൂടെ അറിയിച്ചു.

ബി ജെ പിക്ക് വിജയം ഉറപ്പുള്ള 8 സീറ്റുകളൊഴിച്ച് രണ്ട് സീറ്റുകളിലേക്കാണ് എസ് പി-ബി എസ് പി സഖ്യം മത്സരിക്കുന്നത്. ഈ രണ്ടു സീറ്റുകളിലേയും ഫലം എസ് പി -ബി എസ് പി സഖ്യത്തിന് നിര്‍ണായകമാണ്.