തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു

Posted on: March 23, 2018 1:49 pm | Last updated: March 23, 2018 at 3:13 pm

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഫേസ്ബുക്ക് ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെ ഫേസ്ബുക്കുമായുള്ള സഹകരണം തുടരണമോയെന്ന കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനരാലോചനക്കൊരുങ്ങുന്നു.

യുവ വോട്ടര്‍മാരെ തിരഞ്ഞെടുപ്പുകളിലേക്ക് ആകര്‍ഷിക്കാനായി ഫേസ്ബുക്കുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതി പുനരാലോചനക്ക് വിധേയമാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ പി റാവത്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വോട്ടെടുപ്പില്‍ യുവജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. ഫേസ്ബുക്കിനെതിരെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തല്‍ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനരാലോചനക്കൊരുങ്ങുന്നത്.