കോളജ് അധ്യാപകനെതിരായ കേസ് പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ്

Posted on: March 23, 2018 1:38 pm | Last updated: March 23, 2018 at 3:12 pm

കോഴിക്കോട്: വിദ്യാര്‍ഥിനികളെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവ്വറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമെന്ന് മുസ്‌ലിം യൂത്ത് ലീഗ്.

സമാനമായ ആരോപണങ്ങള്‍ മുമ്പ് പലര്‍ക്കുമെതിരെയും ഉയര്‍ന്നപ്പോള്‍ കേസെടുക്കാതിരിക്കുകയും ജൗഹറിനെതിരെ മാത്രം കേസെടുക്കുകയും ചെയ്തത് ഇരട്ട നീതിയാണ്. സംഘ്പരിവാറിനെ തോല്‍പ്പിക്കും വിധം മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായ കേസുകള്‍ ചുമത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ശംസുദ്ദീന്‍ പാലത്തും എംഎം അക്ബറും ജൗഹര്‍ മുനവ്വിറുമെന്നാം ഇത്തരം സമീപനത്തിന്റെ ഇരകളാണ്. ന്യൂനപക്ഷ വേട്ട അവസാനിപ്പിച്ച് തുല്യനീതി നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ തയ്യാറാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തന്റെയും മറ്റു വിദ്യാര്‍ഥിനികളുടെയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തി മാനസിക സംഘര്‍ഷവും അപമാനവും വരുത്തിയെന്നും ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയിലാണ് വിവിധ വകുപ്പുകള്‍ ചുമത്തി ജൗഹര്‍ മുനവ്വറിനെതിരെ കൊടുവള്ളി പോലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്നലെയാണ് വിദ്യാര്‍ഥിനി പരാതി നല്‍കിയത്. വൈകുന്നേരത്തോടെ കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥിനികള്‍ക്കെതിരെ മുനവ്വര്‍ നടത്തിയതെന്നു പറയുന്ന അധ്യാപകന്റെ നാല് പരാമര്‍ശങ്ങളും വിദ്യാര്‍ഥിനി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 18ന് എളേറ്റില്‍ വട്ടോളിയില്‍ വെച്ച് നരിക്കുനി മണ്ഡലം ഐ എസ് എം സമ്മേളനത്തിലാണ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍ വിവാദ പരാമര്‍ശം നടത്തിയത്.