വീണ്ടും അണ്ണാ ഹസാരെ; മോദി സര്‍ക്കാറിനെതിരെ നിരാഹാര സമരത്തിന് ഇന്ന് തുടക്കം

Posted on: March 23, 2018 10:18 am | Last updated: March 23, 2018 at 12:43 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ സാമൂഹിക പ്രവര്‍ത്തകനും ഗാന്ധിയനുമായ അണ്ണാ ഹസാരെ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഇന്ന് തുടക്കം. ശക്തമായ ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കുക, കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന സമരം ഡല്‍ഹിയിലെ രാംലീല മൈതാനത്ത് നടക്കും.

ഹസാരെയെ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. സമരത്തില്‍നിന്നു പിന്തിരിയണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കില്ല.

നേരത്തെ, മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. മോഹവാദ്ഗാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും നാടകങ്ങള്‍ മതിയാക്കി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും ഹസാരെ പറഞ്ഞിരുന്നു. 2011ല്‍ ഇതേ മൈതാനത്ത് ഹസാരെ നടത്തിയ അനിശ്ചിതകാല നിരാഹാര സമരം വന്‍ ചലനമാണ് സൃഷ്ടിച്ചത്. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറിനെതിരെയായിരുന്നു അന്നത്തെ സമരം.