Connect with us

Kerala

ബില്ല് ഷോക്കടിപ്പിക്കുമെന്ന് ഉപഭോക്താക്കള്‍; തൊഴില്‍ ഭീഷണിയില്‍ ജീവനക്കാര്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്തെ എല്ലാ വീടുകളിലും കെ എസ് ഇ ബി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനെതിരെ ജീവനക്കാര്‍ക്കൊപ്പം ഉപഭോക്താക്കളിലും പ്രതിഷേധം വ്യാപകം. തൊഴില്‍ ഭീഷണിയാണ് ജീവനക്കാരെ അലട്ടുന്നതെങ്കില്‍ പണചോര്‍ച്ചയാണ് ഉപഭോക്താക്കളെ ചൊടിപ്പിക്കുന്നത്. സ്മാര്‍ട്ട് മീറ്റര്‍ സാധാരണ ചാര്‍ജ്ജിനേക്കാള്‍ ഇരട്ടിയിലേറെ പണമായിരിക്കും ചോര്‍ത്തുകയെന്ന് ഉപഭോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതോടെ വൈദ്യുതി യൂനിറ്റ് വില നിശ്ചയിക്കുന്നത് രണ്ട് മാസം കൂടുമ്പോള്‍ ഉപയോഗിച്ച യൂനിറ്റിന്റെ വില എന്ന നിലയിലായിരിക്കില്ല. പകരം പീക് ടൈം എന്ന നിലക്കായിരിക്കും. ദേശീയ ഉത്സവ നാളുകളില്‍ മൊബൈല്‍ എസ് എം എസിന് മൊബൈല്‍ ദാതാക്കള്‍ അധികം ചാര്‍ജ്ജ് ഈടാക്കുന്നതു പോലെ വൈകീട്ട് ആറു മുതല്‍ 11 വരെയുള്ള പീക് ടൈമില്‍ ഉപയോഗിക്കുന്ന വൈദ്യുതി ചാര്‍ജ്ജിന് രണ്ട് ഇരട്ടിയിലധികം തുക വരുമത്രെ. അപ്പോള്‍ രണ്ട് മാസം കൊണ്ടു ഒറ്റയടിക്ക് വൈദ്യുതി ചാര്‍ജ്ജ് ഇരട്ടിയാകും.

സ്മാര്‍ട്ട് മീറ്റര്‍ ഒരു പ്രീ പെയ്ഡ് മീറ്ററാണ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാര്‍ജ്ജ് മുന്‍കൂട്ടി കെ എസ് ഇ ബി അക്കൗണ്ടില്‍ അടക്കണം. അത്രയും തുകക്കുള്ള വൈദ്യുതിയെ ഉപയോഗിക്കാന്‍ കഴിയൂ. അടച്ച പണം തീരുന്നത് രാത്രിയാണെങ്കിലും അപ്പോള്‍ തന്നെ വൈദ്യുതി വിച്ഛേദിക്കപ്പെടും. ബില്‍ അടക്കാത്തവരുടെ ഫ്യൂസ് ഊരാന്‍ ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ല.

ജനങ്ങളുടെ രണ്ട് മാസത്തെ പണം മുന്‍കൂറായി കെ എസ് ഇ ബിയുടെ പെട്ടിയില്‍ എത്തുകയും ചെയ്യും. സ്മാര്‍ട്ട് മീറ്ററിലെ വിവരങ്ങള്‍ ബില്‍ സെക്ഷനില്‍ എത്തുന്നത് സിഗ്‌നലുകളായിട്ടാണ്. ഓരോ വീടും ഓരോ ട്രാന്‍സ്മിഷന്‍ സെന്ററാകും. സ്മാര്‍ട്ട് മീറ്ററില്‍ നിന്നുണ്ടാകുന്ന വികിരണം (റേഡിയേഷന്‍) മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ഹാനികരമാകുമോ എന്നത് സംബന്ധിച്ച് കെ എസ് ഇ ബി ഇതുവരെ ഒരു പഠനവും നടത്തിയതായി അറിവില്ലെന്നും പരാതിയുണ്ട്. യു എസ്എ, ജര്‍മനി, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ഇതു സംബന്ധിച്ച് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് മീറ്റുകള്‍ മാറ്റി സാധാരണ മീറ്ററാണ് ഉപയോഗിച്ചു വരുന്നതത്രെ.

ചെറിയ ഇടിമിന്നലൊ വൈദ്യുതി വ്യതിയാനമോ ഉണ്ടായാല്‍ സ്മാര്‍ട്ട് മീറ്റര്‍ പൊട്ടിത്തെറിച്ച് വലിയ വിപത്തിന് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. സ്മാര്‍ട്ട് മീറ്ററില്‍ ചെറിയ എര്‍ത്ത് ലീക്കേജ് പോലും കണ്ടെത്താന്‍ കഴിയുമെങ്കിലും ലീക്കേജിന്റെ തുക ഉപഭോക്തക്കളുടെ ബില്ലില്‍ കൂടും. ഒരെണ്ണത്തിന് 5000 രൂപയാണ് വില. ഇത് സ്ഥാപിക്കുന്നതിനുള്ള തുകയും ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാനാണ് ശ്രമം. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിലൂടെ കെ എസ് ഇ ബിക്ക് ലാഭം ലഭിക്കുമെങ്കിലും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും തിരിച്ചടിയാകുമെന്നതിനാലാണ് ഇതിനെതിരെ പ്രതിഷേധമുയരുന്നത്.

Latest