Connect with us

Kerala

ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വത്രികമാക്കും: മുഖ്യമന്ത്രി

Published

|

Last Updated


ഫ്യൂച്ചര്‍ ഗ്ലോബല്‍ സമ്മിറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐ ടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതികതയിലും അറിവിലും അധിഷ്ടിതമായ സമൂഹമായി അതിവേഗം മാറുകയാണ് കേരളം. ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനം യുവജനതക്ക് മികച്ച വിദ്യാഭ്യാസ അടിത്തറ നല്‍കുകയും തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മികച്ച സാങ്കേതികവിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കുകയും ചെയ്തതിനാലാണ് ഇത് സാധ്യമായത്. മാറുന്ന സമ്പദ് വ്യവസ്ഥക്കനുസൃതമായി യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യത്തെ സജ്ജമാക്കേണ്ടതുണ്ട്. ഡിജിറ്റല്‍ മേഖലയില്‍ ലോകനിലവാരമുള്ള അവസരങ്ങള്‍ സംസ്ഥാനത്ത് തന്നെ ലഭ്യമാക്കണം.
ഐ ടി പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ വികസനമടക്കം ഇതിനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു വരികയാണ്. ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി വികസിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ആയിരം പബ്ലിക് വൈ ഫൈ സ്‌പോട്ടുകള്‍ പാര്‍ക്കുകളിലും ലൈബ്രറികളിലും അടക്കം ആരംഭിച്ചു കഴിഞ്ഞു. വിവര സാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് പ്രഥമ ഡിജിറ്റല്‍ ഗ്ലോബല്‍ സമ്മിറ്റിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള എം കേരള മൊബൈല്‍ ആപ്പും മുഖമന്ത്രി പുറത്തിറക്കി. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പേപ്പര്‍ ഒഴിവാക്കി രജിസ്‌ട്രേഷന്‍, പ്രവേശനം തുടങ്ങി എല്ലാം മൊബൈല്‍ അധിഷ്ടിത സേവനം വഴിയാണ് ലഭ്യമാക്കുന്നത്. ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ് ഡി ഷിബുലാല്‍, ഐ ടി ഉപദേഷ്ടാവ് എം ശിവശങ്കരന്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഫ്യൂച്ചര്‍ കണ്‍വീനര്‍ വി കെ മാത്യുസ് പങ്കെടുത്തു.