സര്‍ക്കാര്‍ ഗോളടിച്ചു; കെ സി എ ക്ലീന്‍ ബൗള്‍ഡ്

ക്രിക്കറ്റ്-ഫുട്‌ബോള്‍ തര്‍ക്കം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് നാളെ കെ സി എ ജനറല്‍ ബോഡി ചര്‍ച്ച ചെയ്യും
Posted on: March 23, 2018 6:07 am | Last updated: March 23, 2018 at 12:20 am

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ഇന്ത്യ-വിന്‍ഡീസ് ഏകദിനം നടത്തുന്നത് സംബന്ധിച്ച തര്‍ക്കത്തിന് വിരാമമായി. മത്സരം കൊച്ചിയില്‍ തന്നെ നടത്തണമെന്ന നിലപാടില്‍ ഉറച്ചു നിന്ന കെ സി എ ഒടുവില്‍ തിരുവനന്തപുരത്ത് നടത്തിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനോട് വഴങ്ങുകയായിരുന്നു. ഇതോടെ, മൂന്നുദിവസം നീണ്ട തര്‍ക്കത്തിനാണ് വിരാമമായത്.

നിലവിലെ സാഹചര്യത്തില്‍ ഒരു ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേണ്ടി കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫ് തകര്‍ക്കേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇന്നലെ രാവിലെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയ കെ സി എ ഭാരവാഹികളോട് കായിക മന്ത്രി എ സി മൊയ്തീന്‍ ഇക്കാര്യം ഇവരെ അറിയിക്കുകയായിരുന്നു. മന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കെ സി എ പ്രസിഡന്റ്‌റോങ്കഌന്‍ ജോണ്‍, സെക്രട്ടറി ജയേഷ് ജോര്‍ജ്, ട്രഷറര്‍ അഡ്വ. ശ്രീജിത്ത് വി നായര്‍ എന്നിവരാണ് പങ്കെടുത്തുത്.

വേദിയെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചതോടെ കേരളപ്പിറവി ദിനത്തില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രണ്ടാമത് രാജ്യാന്തര മത്സരത്തിന് വേദിയാകുമെന്ന് ഉറപ്പായി.

അതേസമയം സംസ്ഥാന കായിക മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താത്കാലികമാണെന്നും പ്രതികരിച്ച കെ സി എ ഭാരവാഹികള്‍ കൊച്ചിയില്‍ ഇനിയും ക്രിക്കറ്റ് മത്സരം നടത്തുമെന്ന് വ്യക്തമാക്കി. ഒപ്പം കൊച്ചിയില്‍ ക്രിക്കറ്റിനായി സ്ഥിരം വേദി സ്ഥാപിക്കാനുള്ള കെ സി എയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചതായും ഇവര്‍ പറഞ്ഞു.

ക്രിക്കറ്റ്-ഫുട്‌ബോള്‍ തര്‍ക്കം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് നാളെ കുമരകത്ത് ചേരുന്ന കെ സി എ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ക്രിക്കറ്റ് മത്സര വേദി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഉടമകളായ ജി സി ഡി എ വിളിച്ച ക്രിക്കറ്റ്-ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം ഫുട്‌ബോളിനു തടസ്സമാവാതെ ക്രിക്കറ്റും കൊച്ചിയില്‍ നടത്തണമെന്ന അനുരഞ്ജന നിലപാടാണ് സ്വീകരിച്ചിരുന്നത്.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഫിഫ മാനദണ്ഡം അനുസരിച്ചു നിര്‍മിച്ച ഫുട്‌ബോള്‍ കളിപ്രതലത്തിന് തകരാറില്ലാതെ ക്രിക്കറ്റ് പിച്ച് നിര്‍മാണം സാധ്യമാവുമോ എന്നകാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായവും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടും തേടാനായിരുന്നു ജി സി ഡി എയുടെ തീരുമാനം. എന്നാല്‍ ഐ എസ് എല്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രതലം തയ്യാറാക്കാന്‍ സമയമെടുക്കുമെന്ന് വ്യക്തമായിരുന്നു.
ഇതിനിടെ മത്സരം കൊച്ചിയിലേക്ക് മാറ്റാന്‍ ബി സി സി ഐ ഇടക്കാല സമിതി അധ്യക്ഷന്‍ വിനോദ് റായിയുമായി ബന്ധപ്പെട്ട് നീക്കം നടത്തിയിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ കെ സി എയുടെ നിക്ഷേപവും ഇതുസംബന്ധിച്ച് ജെ സി ഡി എയുമായുണ്ടാക്കിയ കരാറും വിനോദ് റായിക്ക് വിശദീകരിച്ചു നല്‍കി.

തുടര്‍ന്ന് കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജുമായി ബി സി സി ഐ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗധരി ബന്ധപ്പെട്ടു വിവാദത്തിന്റെ പശ്ചാത്തലം ചോദിച്ചറിഞ്ഞു. തുടര്‍ന്ന് വിവാദമൊഴിവാക്കി മത്സരം തിരുവനന്തപുരത്ത് നടത്തണമെന്ന നിലപാടായിരുന്നു ബി സി സി ഐ സ്വീകിരച്ചത്.

സച്ചിനെന്തറിഞ്ഞു !

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദി മത്സരം നടത്തിപ്പ് സംബന്ധിച്ച തര്‍ക്കവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വിമര്‍ശിച്ച് കെ സി എ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് രംഗത്തെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറിന് പിച്ച് തയ്യാറാക്കാന്‍ അറിയില്ലെന്നാണ് കെ സി എ ജനറല്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞത്. ക്രിക്കറ്റ് വിവാദത്തില്‍ ഫുട്‌ബോളിനെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് സച്ചിനെതിരെ വിമര്‍ശവുമായി കെ സി എ രംഗത്തെത്തിയത്.

കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേഴ്‌സ് എന്ന് ഫുട്‌ബോള്‍ ടീമിന്റെ ഉടമയായത് കൊണ്ടാണ്. ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയ സംഭവത്തിലും ബാധകമാണെന്നും സെക്രട്ടറി വ്യക്തമാക്കി. കേരളത്തിന് അനുവദിച്ച ഏകദിന മത്സരത്തിന് ബി സി സി ഐ ആദ്യം പ്രഖ്യാപിച്ച വേദി തിരുവനന്തപുരമായിരുന്നു.

എന്നാല്‍ മത്സരം കൊച്ചിയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയതോടെയാണ് തര്‍ക്കം രൂക്ഷമായത്. തുടര്‍ന്ന് വിവാദങ്ങളൊഴിവാക്കി തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ നടത്തണമെന്ന് സംസ്ഥാന സര്‍ക്കാറും, ബി സി സി ഐ ഇടക്കാല ഭരണസമിതിയും നിലപാടെടുത്തു. കൊച്ചിയിലെ ഫുട്‌ബോള്‍ കളിക്കളം തകര്‍ക്കാതെ തിരുവനന്തപുരത്ത് മത്സരം നടത്തണമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കറും ശശി തരൂര്‍ എം പിയും ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയോട് അഭ്യര്‍ഥിച്ചിരുന്നു. എഴുത്തുകാരനായ എന്‍ എസ് മാധവനാണ് കൊച്ചിയില്‍ ക്രിക്കറ്റ് നടത്താനുള്ള നീക്കത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്.