പുതുച്ചേരി രജിസ്‌ട്രേഷന്‍: നികുതി തട്ടിപ്പ് നടത്തിയ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കര്‍ശന നിര്‍ദേശം

Posted on: March 23, 2018 6:04 am | Last updated: March 23, 2018 at 12:10 am

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചവരുടെ ആഡംബര വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ പത്മകുമാര്‍ ആര്‍ ടി ഒമാര്‍ക്ക് നിര്‍ദേശം നല്‍കി. കേസെടുക്കാനായി ഈ വാഹനങ്ങളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനും കൈമാറിയിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. ഇവ നിരത്തിലോടുന്നുണ്ടോ എന്നറിയാന്‍ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. രജിസ്‌ട്രേഷന്‍ ഇവിടേക്ക് മാറ്റി തുടര്‍നടപടികളില്‍ നിന്ന് ഒഴിവാകാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിശ്ചിത സമയം അനുവദിച്ചിരുന്നു. ഇത് പാലിക്കാത്ത 1200 വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്‌ട്രേഷന്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ വാഹനങ്ങള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ഭൂരിഭാഗം വാഹന ഉടമകളും നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. മുന്നൂറ് വാഹനങ്ങള്‍ മാത്രമാണ് നിര്‍ദേശം പാലിച്ചത്. ശേഷിക്കുന്ന വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കാനാണ് തീരുമാനം. ലക്ഷങ്ങള്‍ വിലയുള്ള ആഡംബര കാറുകള്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് കിട്ടേണ്ട കോടിക്കണക്കിന് രൂപയുടെ നികുതിയാണ് നഷ്ടമായത്.

കേരളത്തില്‍ വില്‍പ്പന നടത്തിയതും ഇറക്കുമതി ചെയ്തതുമായ ആഡംബര വാഹനങ്ങളാണ് കുറഞ്ഞ നികുതിയുള്ള പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഉടമകള്‍ അവിടെ താമസിക്കുന്നുവെന്ന വ്യാജ വിലാസം തരപ്പെടുത്തിയായിരുന്നു രജിസ്‌ട്രേഷന്‍. പ്രമുഖരായ സിനിമാ താരങ്ങളടക്കമുള്ളവരുടെ കാറുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം ഒട്ടേറെ വാഹനങ്ങളുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചത്. എന്നാല്‍, മിക്ക ഉടമകളും രംഗത്തുവരാന്‍ വിസമ്മതിച്ചു. ഈ ഇനത്തില്‍ സര്‍ക്കാറിന് 20 കോടിയുടെ നികുതി മാത്രമാണ് കിട്ടിയത്.