സബ് കലക്ടര്‍ക്ക് നോട്ടപ്പിശകെന്ന് റിപ്പോര്‍ട്ട്

  • വിവാദ ഭൂമി കൈമാറ്റം: കലക്ടറുടെ ഹിയറിംഗ് നാളെ
  • ലാന്‍ഡ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ റവന്യൂ മന്ത്രിക്ക് അതൃപ്തി
Posted on: March 23, 2018 6:05 am | Last updated: March 23, 2018 at 12:06 am

തിരുവനന്തപുരം: കൈയേറ്റമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച വര്‍ക്കല അയിരൂരിലെ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ റവന്യൂമന്ത്രിക്ക് അതൃപ്തി. സബ്കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി പരിചയക്കുറവുമൂലമുള്ള നോട്ടപ്പിശകാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജെയിംസ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യാത്തതിലുള്ള അതൃപ്തിയാണ് റവന്യൂമന്ത്രി പ്രകടിപ്പിച്ചത്.

ഭൂമി പതിച്ചുനല്‍കിയതില്‍ നടപടി ക്രമങ്ങളില്‍ സബ്കലക്ടര്‍ ദിവ്യ എസ് അയ്യര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌ന പരിഹാരത്തിനായി തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ വാസുകി നാളെ ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ചട്ടങ്ങള്‍ പ്രകാരം സബ്കലക്ടറുടെ നടപടികളില്‍ അപ്പീല്‍ അധികാരി കലക്ടര്‍ ആണെന്നിരിക്കെ ഇക്കാര്യത്തില്‍ നിയമാനുസൃതം അന്തിമ തീരുമാനമെടുക്കേണ്ടത് കലക്ടറാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ നാളെ ഹിയറിംഗ് നടത്തുന്നത്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കലക്ടര്‍ തിരിച്ചുവിളിച്ച് വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും തുടര്‍ നടപടികളിലേക്ക് കടക്കുക. കൈയേറ്റം ബോധ്യമായതിനെ തുടര്‍ന്ന് റവന്യൂ വകുപ്പിന് വേണ്ടി തഹസില്‍ദാര്‍ തിരിച്ചുപിടിച്ച ഒരുകോടി രൂപയിലേറെ വിലവരുന്ന ഭൂമി കോടതി നിര്‍ദേശത്തിന്റെ മറവില്‍ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കാതെ ഭൂമി കൈയേറിയ സ്വകാര്യ വ്യക്തിക്കുതന്നെ സബ്കലക്ടര്‍ തിരികെ നല്‍കുകയായിരുന്നു. അതേസമയം ഹൈക്കോടതിയിലിരിക്കുന്ന കേസില്‍ ഏറെ നിയമസങ്കീര്‍ണതകളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

റീസര്‍വേ നടപടികള്‍ പ്രകാരം ഭൂമിയുടെ സര്‍വേ നമ്പറില്‍ മാറ്റമുണ്ടായിട്ടുണ്ട്. മാത്രമല്ല പട്ടയ പ്രകാരം ഭൂമി വിട്ടുനല്‍കിയ അയിരൂര്‍ സ്വദേശി ലിജിയുടെ കൈവശമുണ്ടായിരുന്ന 37 സെന്റ് ഭൂമി ഇനിയും കണ്ടെത്താനുണ്ട്. റീസര്‍വേ നമ്പര്‍ പ്രകാരം പുതിയ സര്‍വേ നമ്പറായതിനാല്‍ ഇത് കണ്ടെത്താന്‍ വിശദ പരിശോധന വേണ്ടിവരും. ഇത് പൂര്‍ത്തിയായ ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയൂവെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മന്ത്രിയെ അറിയിച്ചിട്ടുണ്ട്. സബ്കലക്ടറുടെ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തിയ വി ജോയിയുടെയും പഞ്ചായത്ത് അധികൃതരുടെയും റിവിഷന്‍ ഹരജി കൂടി പരിഗണിച്ചാണ് കേസില്‍ ഇരു വിഭാഗങ്ങളെയും വിളിച്ച് ജില്ലാകലക്ടര്‍ നാളെ ഹിയറിംഗ് നടത്തുന്നത്.