ഏഴ് ഹാര്‍ബറുകളുടെ നിര്‍മാണത്തിന് 75 കോടി നബാര്‍ഡ് സഹായം

Posted on: March 23, 2018 6:14 am | Last updated: March 22, 2018 at 11:59 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ഹാര്‍ബറുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നാം ഘട്ടമായി 75 കോടി രൂപ നബാര്‍ഡ് അനുവദിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഹാര്‍ബറുകളുടെ നിര്‍മാണം കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനവുമായി സഹകരിച്ചാണ് പൂര്‍ത്തീകരിച്ചു വന്നത്. 60:40 അനുപാതത്തിലായിരുന്നു കേന്ദ്രം ഫണ്ട് അനുവദിച്ചിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായി നാമമാത്ര കേന്ദ്ര ഫണ്ടാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഫണ്ടില്‍ കുറവ് വന്നതിനാല്‍ കേന്ദ്രവിഹിതമായ 85 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അധികമായി ചെലവഴിച്ചിരുന്നു. എന്നാല്‍ ഈ തുക ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടില്ല. ഇതിനാലാണ് ബജറ്റില്‍ അനുവദിച്ച 25 കോടിക്ക് പുറമെ 75 കോടികൂടി നബാര്‍ഡില്‍ നിന്ന് ലഭ്യമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുന്നത്. രണ്ട് ഗഡുക്കളായാണ് നബാര്‍ഡ് തുക അനുവദിക്കുക. ഒന്നാം ഗഡുവായി അനുവദിക്കുന്ന 75 കോടിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ രണ്ടാം ഗഡു ഫണ്ട് അനുവദിക്കുമെന്ന് നബാര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി മന്ത്രി പറഞ്ഞു.

ഓരോ ഹാര്‍ബറിനുമുളള ബജറ്റ് വിഹിതം കൂടി ഉള്‍പ്പെടുത്തി ആര്‍ത്തുങ്കല്‍ ഹാര്‍ബറിന് പത്ത് കോടി രൂപയും താനൂര്‍ 20, വെള്ളയില്‍ പത്ത്, തോട്ടപ്പളളി 20, കാസര്‍കോട് 20, കായംകുളം പത്ത്, നീണ്ടകര പത്ത് കോടി രൂപയുമാണ് ആദ്യ ഘട്ടമായി ചെലവഴിക്കുന്നത്. നബാര്‍ഡ് ജനറല്‍ മാനേജര്‍ പി ബാലചന്ദ്രന്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ബൈജു കുറുപ്പ്, ഷാജി സക്കറിയ, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്‍ ഹണി, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ ഡയറക്ടര്‍ കെ എം ലതി, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ് ഹാരോള്‍ഡ് യോഗത്തില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here