ഹൈസ്‌കൂള്‍, പ്ലസ്ടു ക്ലാസുകള്‍ ഹൈടെക് ആകും; മുഴുവന്‍ സ്‌കൂളുകളും ഇന്‍ഷ്വര്‍ ചെയ്യും

Posted on: March 23, 2018 6:13 am | Last updated: March 22, 2018 at 11:58 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും ഇന്‍ഷ്വര്‍ ചെയ്യുമെന്നും ഹൈസ്‌കൂള്‍, പ്ലാസ്ടു ക്ലാസ് മുറികള്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ ഹൈടെക്കുകളാകുമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രവനാഥ് നിയമസഭയില്‍ പറഞ്ഞു. ധനാഭ്യര്‍ഥനാ ബില്‍ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ഹൈസ്‌കൂള്‍, പ്ലസ്ടു ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത അധ്യയന വര്‍ഷാരംഭത്തില്‍ നടക്കും. തുടര്‍ന്ന് മുഴുവന്‍ ക്ലാസ്മുറികളും ഹൈടെക് ആക്കുന്ന പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും വിദ്യാര്‍ഥികളും പാചകത്തൊഴിലാളികളുള്‍പ്പെട്ട ജീവനക്കാരെയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ കൊണ്ടുവരും. സ്‌കൂള്‍ ക്യാമ്പസുകളില്‍ പരിസ്ഥിതി സന്തുലനം നടപ്പാക്കുന്നതിനായി 33 ശതമാനം ഹരിതാവരണം നല്‍കും. ക്യാമ്പസുകളെ ലഹരിമുക്തമാക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് യോഗാ പരിശീലനവും ഗ്രീന്‍പ്രോട്ടോകോളും നടപ്പാക്കും. ഒന്നം ക്ലാസ് മുതല്‍ സര്‍വകലാശാലാ തലം വരെ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കും.

സ്‌കൂളുകളില്‍ കാഴ്ച പരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ബ്രെയില്‍ ലിപി പുസ്തകവും കേള്‍വി പരിമിതര്‍ക്ക് ഡിജിറ്റല്‍ വിഷ്വല്‍ സംവിധാനവും കുറഞ്ഞ കാഴ്ച പരിമിതര്‍ക്ക് പാഠപുസ്തകങ്ങളിലെ അക്ഷരങ്ങള്‍ മൂന്നിരട്ടി വലുപ്പത്തില്‍ ബോള്‍ഡ് പ്രിന്റ് ചെയ്തുമാണ് ഇറക്കുന്നത്. സ്‌കൂളുകളുടെ വികസനം ജൂണ്‍ മാസത്തില്‍ തന്നെ ആരംഭിക്കും. ഓരോ മണ്ഡലത്തിലും 12.5 കോടി രൂപയുടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം നടക്കും. പാഠപുസ്തകത്തില്‍ ജലസാക്ഷരത ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങളുടെ ശാസ്ത്രീയമായ ഓഡിറ്റ് നടന്നുവരുന്നു. ഇതോടൊപ്പം ജലസാക്ഷരതയും ഉള്‍പ്പെടുത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ക്യാമ്പസുകളില്‍ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് നിയമനിര്‍മാണം നടത്തും. അതേസമയം, കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് വെട്ടിക്കുറച്ച നടപടി സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എസ് എസ് എ പദ്ധതിയുടെയും റൂസയുടെയും ഫണ്ട് വെട്ടിക്കുറച്ച നടപടി തിരിച്ചടിയായി. കേരളത്തിന്റെ തനിമയിലൂന്നി ഗവേഷണമുള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ഉണര്‍വ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ണമായി കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും പൊതുവിദ്യാഭ്യാസ മേഖലയിലെ ഉണര്‍വ് ഉന്നത വിദ്യാഭ്യാസ മേഖലക്ക് ഗുണം ചെയ്യും. അതേസമയം സര്‍ക്കാര്‍ ഫണ്ട് ഉപുയോഗിച്ച് എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഉള്‍പ്പെടെയുള്ള സഹായം നല്‍കുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ പിന്തള്ളപ്പെടുന്നുവെന്ന വാദം പൂര്‍ണമായും ശരിയല്ല. വളരെ ബലഹീനമായ എയ്ഡഡ് മാനേജ്‌മെന്റുകളെ മാത്രമാണ് ഈ ഫണ്ടില്‍ നിന്ന് സഹായിക്കുകയെന്നും ഇത്തരം സ്ഥാപനങ്ങളെ എം എല്‍ എമാര്‍ക്ക് തന്നെ നിര്‍ദേശിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.