പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ഒരുങ്ങുന്നു

  • ഈവര്‍ഷം10 ഇന്ധന സ്റ്റേഷനുകള്‍ കൂടി തുറക്കും
  • വാഹനങ്ങള്‍ സി എന്‍ ജി ഇന്ധനത്തിലേക്ക് മാറും
Posted on: March 23, 2018 6:12 am | Last updated: March 22, 2018 at 11:56 pm
SHARE

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം ഒരുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ആലോചന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ ബസുകളും ഓട്ടോ, ടാക്‌സി എന്നിവയും സമ്മര്‍ദിത പ്രകൃതിവാതക (സി എന്‍ ജി) ഇന്ധനത്തിലേക്ക് മാറ്റുന്നതിനായുള്ള നടപടിക്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിടുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി കളമശ്ശേരിയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റും മൂന്ന് സി എന്‍ ജി റീഫില്ലിംഗ് സ്‌റ്റേഷനുകളും തുറന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ പുതുതായി പത്ത് സി എന്‍ ജി ഇന്ധന സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ അന്തരീക്ഷ മലിനീകരണം ഒഴിവാക്കിക്കൊണ്ടുള്ള ഗതാഗത സംവിധാനം ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമം.

ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി പ്രകാരം എറണാകുളത്ത് ഏലൂര്‍, അമ്പാട്ടുകാവ്, മുട്ടം, കുണ്ടന്നൂര്‍ എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ ആദ്യ സി എന്‍ ജി പമ്പുകള്‍ തുറന്നത്. പെട്രോള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ മുപ്പത് ശതമാനം കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്ന് കരുതുന്ന സി എന്‍ ജി ഇന്ധനം നിറയ്ക്കാനുള്ള അഞ്ച് പമ്പുകള്‍ വീതം എല്ലാ നഗരങ്ങളിലും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഗതാഗത വകുപ്പ് സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. കെ എസ് ആര്‍ ടി സി അടക്കമുള്ള ബസുകളും ഓട്ടോറിക്ഷകളും ടാക്‌സി കാറുകളും ഉള്‍പ്പെടെയുളള എല്ലാ വാഹനങ്ങളും സി എന്‍ ജിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് നഗര വായുമലിനീകരണം കുറയ്ക്കാന്‍ പഴയ ഡീസല്‍ വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ഹരിത ട്രൈബ്യൂണല്‍ വിധി കൂടി കണക്കിലെടുത്താണ് സമര്‍പ്പിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ സി എന്‍ ജി ഇന്ധന പമ്പുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ തുറന്നത്.

എറണാകുളം ജില്ലയില്‍ ആദ്യഘട്ടത്തില്‍ പെട്രോള്‍ കാറുകളാകും സി എന്‍ ജിയിലേക്ക് മാറുക. വാഹനങ്ങള്‍ പെട്രോളില്‍നിന്ന് സി എന്‍ ജിയിലേക്ക് മാറ്റുന്നതിന് 25,000 രൂപ മുതല്‍ 60,000 രൂപ വരെ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. വാഹനങ്ങളുടെ പ്രത്യേകതകള്‍ക്കനുസരിച്ച് തുകയിലും മാറ്റം വരും. പത്ത് കിലോഗ്രാം മുതല്‍ വിവിധ അളവുകളില്‍ ലഭിക്കുന്ന സിലിന്‍ഡര്‍ ആകൃതിയിലുള്ള ടാങ്കുകളാണ് സി എന്‍ ജി സംഭരണത്തിനായി വാഹനങ്ങളില്‍ സ്ഥാപിക്കേണ്ടത്. കളമശ്ശേരി കിന്‍ഫ്രയിലുള്ള പമ്പിംഗ് സ്റ്റേഷനില്‍ നിന്ന് കുഴല്‍മാര്‍ഗമാണ് ഫില്ലിംഗ് സ്റ്റേഷനുകളിലേക്ക് സി എന്‍ ജി എത്തുന്നത്. വാഹനം പെട്രോളില്‍ നിന്ന് സി എന്‍ ജിയിലേക്ക് മാറ്റാന്‍ താത്പര്യപ്പെടുന്നവര്‍ വിവരം ആര്‍ ടി ഒയുമായി ബന്ധപ്പെട്ട് ആര്‍ സി ബുക്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നാണ് നിര്‍ദേശം. പമ്പുകളില്‍ കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സി എന്‍ ജി നിറയ്ക്കുന്നതിനും ബസുകള്‍ക്കും മറ്റ് ഭാരവാഹനങ്ങള്‍ക്കും സി എന്‍ ജി നിറയ്ക്കുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 46.50 ആണ് ഒരു കിലോഗ്രാം സി എന്‍ ജിയുടെ വില. സി എന്‍ ജിക്ക് വായുവിനെക്കാള്‍ ഭാരം കുറവായതിനാല്‍ അബദ്ധവശാല്‍ ലീക്ക് സംഭവിച്ചാലും അന്തരീക്ഷത്തിലേക്ക് ഉയരുമെന്നതിനാല്‍ അപകടസാധ്യത വളരെ കുറവാണെന്നും പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് കുറയുമെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വര്‍ഷത്തിനകം മൂന്ന് നഗരങ്ങളിലും രണ്ടാം ഘട്ടമായി കൊല്ലം, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളിലും സി എന്‍ ജി ബാധകമാക്കാനാണ് ആലോചന. ന്യൂഡല്‍ഹി, ഗുര്‍ഗാവോണ്‍, ആഗ്ര, ലക്‌നൗ, ഇന്‍ഡോര്‍, മുംബൈ, പൂനെ, ബറോഡ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ പ്രധാന നഗരങ്ങളുള്‍പ്പെടെ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ 80 നഗരങ്ങളിലായി നിലവില്‍ 30,02,394 സി എന്‍ ജി വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. 1306 സി എന്‍ ജി പമ്പുകളാണുള്ളത്. പെട്രോള്‍ എന്‍ജിനെ അപേക്ഷിച്ച് 60 ശതമാനവും ഡീസല്‍ എന്‍ജിനെ അപേക്ഷിച്ച് 40 ശതമാനവും പ്രവര്‍ത്തന ചെലവ് കുറവാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.