ഇ യു ഉച്ചകോടിയില്‍ റഷ്യക്കെതിരെ ഐക്യനിര ഉയര്‍ത്താന്‍ ബ്രിട്ടന്‍

Posted on: March 23, 2018 6:14 am | Last updated: March 22, 2018 at 11:20 pm

ലണ്ടന്‍: ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ റഷ്യക്കെതിരെ ഐക്യനിര ഉയര്‍ത്താന്‍ ബ്രിട്ടന്‍ പ്രസിഡന്റ് തെരേസ മെയ് ശ്രമം തുടങ്ങി. യൂറോപ്യന്‍ യൂനിയനിലെ 28 രാഷ്ട്രങ്ങളുടെയും മേല്‍ സമ്മര്‍ദം ചെലുത്തി റഷ്യക്കെതിരെ തിരിക്കുകയാണ് തെരേസ മെയുടെ ലക്ഷ്യം. ബ്രിട്ടനില്‍ വെച്ച് മുന്‍ റഷ്യന്‍ ചാരനും അദ്ദേഹത്തിന്റെ മകള്‍ക്കും വിഷപ്രയോഗമേറ്റ സംഭവത്തില്‍ റഷ്യയാണ് ഉത്തരവാദിയെന്ന് ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും തള്ളിക്കളഞ്ഞ റഷ്യ, ലണ്ടനിലെ ഒരു ലാബില്‍ നിന്നുള്ള വിഷമാണ് പ്രയോഗിച്ചതെന്നും തിരിച്ചും ആരോപിച്ചിരുന്നു. ബ്രിട്ടന് ശക്തമായ പിന്തുണയുമായി കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ റഷ്യക്കെതിരെ കൂടുതല്‍ ശക്തമായ പ്രസ്താവന യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്ന് സൃഷ്ടിക്കുക എന്നതാണ് തെരേസ മെയുടെ ലക്ഷ്യം. ഇന്നലെ തുടങ്ങിയ ഉച്ചകോടി ഇന്ന് സമാപിക്കും. ബ്രെക്‌സിറ്റ് സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങളും ഉച്ചകോടിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.