ജയലളിത: സി സി ടി വി ഓഫ് ചെയ്തിരുന്നെന്ന് ആശുപത്രി

Posted on: March 23, 2018 6:04 am | Last updated: March 22, 2018 at 11:10 pm

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കുമ്പോള്‍ രണ്ടാം നിലയിലെ മുഴുവന്‍ സി സി ടി വി ക്യാമറകളും ഓഫ് ചെയ്തിരുന്നുവെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. ജയലളിതയെ ഐ സി യുവില്‍ പ്രവേശിപ്പിച്ച ശേഷം അവിടേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ദൃശ്യം മറ്റുള്ളവര്‍ക്ക് ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ നടപടിയെടുത്തതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ജയലളിതയുമായി ബന്ധപ്പെട്ട മുഴുവന്‍ മെഡിക്കല്‍ രേഖകളും അവരുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മീഷന് കൈമാറിയിട്ടുണ്ടെന്നും അപ്പോളോ ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ പ്രതാപ് സി റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2016 സെപ്തംബര്‍ 22ന് രാത്രി ഒമ്പതിന് ജയലളിത കുളിമുറിയില്‍ ബോധരഹിതയായി വീഴുകയായിരുന്നെന്ന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ശശികല പറഞ്ഞിരുന്നു. ബോധം തിരിച്ചു കിട്ടിയപ്പോള്‍, ആശുപത്രിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലായിരുന്നുവെന്ന് ജയലളിത പറഞ്ഞിരുന്നുവെന്നും ശശികല അവകാശപ്പെട്ടിരുന്നു.