കുറ്റവാളികളായ ജനപ്രതിനിധികള്‍ക്ക് വിലക്ക് സാധ്യമല്ലെന്ന് കേന്ദ്രം

Posted on: March 23, 2018 6:03 am | Last updated: March 22, 2018 at 11:08 pm

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികള്‍ക്ക് വിലക്ക് കല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹരജിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കുറ്റവാളികളായ ജനപ്രതിനിധികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ വ്യവസ്ഥയില്ലെന്നും അത് മത്സരിക്കുന്ന പാര്‍ട്ടികളുടെ അധികാരമാണെന്നും ചൂണ്ടിക്കാണിച്ചാണ് സത്യവാങ്മൂലം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിക്കുന്നതിനോ ഓഫീസ് കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നോ ഇത്തരക്കാരെ വിലക്കാന്‍ കഴിയില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കുറ്റവാളികള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു. ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് കുറ്റവാളികളായ ജനപ്രതിനിധികളെ വിലക്കണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്.

ശിക്ഷ വിധിക്കപ്പെട്ടവരെ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍ നിന്നും ഓഫീസ് കാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്നും വിലക്കണമെന്ന ആവശ്യവും ഹരജിയില്‍ ഉന്നയിച്ചിരുന്നു.