Connect with us

National

'മൂന്നാം യു പി എ'ക്ക് വിശ്വാസ്യത ലഭിക്കില്ല: സി പി എം

Published

|

Last Updated

കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം യു പി എ രൂപപ്പെടുന്നതിനുള്ള സാധ്യതകള്‍ തള്ളി സി പി എം. കോണ്‍ഗ്രസിനെ നേതൃനിരയില്‍ നിര്‍ത്തി ബി ജെ പി വിരുദ്ധ മുന്നണി രൂപവത്കരിക്കുന്നതില്‍ പല പ്രാദേശിക കക്ഷികള്‍ക്കും അതൃപ്തിയുണ്ടെന്ന് സി പി എം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗം പറയുന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ മുഴുവന്‍ ബി ജെ പി വിരുദ്ധ വോട്ടുകളും ഏകോപിപ്പിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എക്ക് വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും ലേഖനം പറയുന്നു.

ബി ജെ പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള കൂട്ടുകെട്ടിനോ നീക്കുപോക്കിനോ സി പി എം ഇല്ല. മാത്രമല്ല, ദേശീയാടിസ്ഥാനത്തില്‍ ബി ജെ ഡി, ടി ആര്‍ എസ്, ടി ഡി പി പോലുള്ള പ്രാദേശിക കക്ഷികളുമായും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ല. ബി ജെ ഡി, ടി ആര്‍ എസ്, ടി ഡി പി തുടങ്ങിയ കക്ഷികള്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ അംഗീകരിക്കില്ലെന്നും പീപ്പിള്‍സ് ഡെമോക്രസി വ്യക്തമാക്കുന്നു. ഏതാനും ദിവസം മുമ്പ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആതിഥേയത്വം സ്വീകരിച്ച് സി പി എം ഉള്‍പ്പെടെയുള്ള 20 പാര്‍ട്ടികളുടെ പ്രതിനിധികള്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. ദേശീയതലത്തില്‍ ഉയര്‍ന്നുവരേണ്ട ബി ജെ പി വിരുദ്ധ സഖ്യത്തെ കുറിച്ചുള്ള ആലോചനകളാണ് അന്ന് നടന്നത്. ഈ കൂടിക്കാഴ്ചയെ അപ്രസക്തമാക്കുന്ന പ്രഖ്യാപനമാണ് സി പി എം ഇപ്പോള്‍ ലേഖനത്തിലൂടെ മുന്നോട്ടുവെക്കുന്നത്.

കോണ്‍ഗ്രസ് ഇതര, ബി ജെ പി വിരുദ്ധ മുന്നണി (ഫെഡറല്‍ ഫ്രണ്ട്) ഉണ്ടാക്കുന്നതിനുള്ള ശ്രമം ആരംഭിച്ച ടി ആര്‍ എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിനും സി പി എം പിന്തുണ കൊടുക്കില്ല. പ്രാദേശിക പാര്‍ട്ടികളായ ഡി എം കെയും ആര്‍ ജെ ഡിയും അതത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരാണ്. അതുപോലെ എല്ലാ പ്രാദേശിക പാര്‍ട്ടികള്‍ക്കും അവരവരുടെ താത്പര്യങ്ങള്‍ ഉണ്ടെന്നും ദേശീയാടിസ്ഥാനത്തില്‍ ഇവരെ ഒരുമിപ്പിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് സി പി എം വിലയിരുത്തല്‍. യു പിയില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടിയ എസ് പി- ബി എസ് പി സഖ്യത്തിന് സമാനമായ കൂട്ടുകെട്ടുകളാണ് ബി ജെ പിക്കെതിരെ ഉയര്‍ന്നുവരേണ്ടതെന്നും അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതുണ്ടെന്നും പീപ്പിള്‍സ് ഡെമോക്രസിയിലെ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

 

കോണ്‍ഗ്രസിനെ പഴിചാരുന്ന “ത്രിപുര റിപ്പോര്‍ട്ട്” ഒഴിവാക്ക

അഗര്‍ത്തല: ത്രിപുര നിയമസഭയിലേറ്റ പരാജയത്തില്‍ കോണ്‍ഗ്രസിനെ പഴിചാരി സി പി എം പത്രക്കുറിപ്പ് തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഏതാനും പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ പത്രക്കുറിപ്പ് പക്ഷേ, പുറത്തുവിടാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുവദിച്ചില്ല.

പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ തയ്യാറാക്കിയ കരട് പ്രസ്താവന ഷിംലയിലായിരുന്ന യെച്ചൂരിയുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കുകയായിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇടതിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മേല്‍ ചാരി ഒഴിഞ്ഞുമാറുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന നിലപാടെടുത്ത യെച്ചൂരി കരട് പത്രക്കുറിപ്പ് തള്ളിക്കളയുകയായിരുന്നു. ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് ബി ജെ പി ഇടത് വിരുദ്ധ സംഘടനകളുടെ കൂട്ടായ്മ ഉണ്ടാക്കി വരികയായിരുന്നു. അതിന്റെ സ്വാഭാവിക പ്രതിഫലനം മാത്രമാണ് കോണ്‍ഗ്രസിന് സംഭവിച്ചതെന്നും ഒരു സി പി എം നേതാവ്, രണ്ട് വര്‍ഷം മുമ്പ് പാര്‍ട്ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഉദ്ധരിച്ച് അഭിപ്രായപ്പെട്ടു.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബാന്ധവത്തിന് പാര്‍ട്ടിയില്‍ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെയാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സി പി എമ്മില്‍ നിന്ന് വരുന്നത് എന്നതാണ് ശ്രദ്ധേയം.

കോണ്‍ഗ്രസ് ഇല്ലാത്ത ഫെഡറല്‍ മുന്നണി  അപ്രായോഗികം: മൊയ്‌ലി

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉള്‍പ്പെടാത്ത ഫെഡറല്‍ മുന്നണി സാധ്യമല്ലെന്നും ഈ സഖ്യ ശ്രമം രാഷ്ട്രീയ വിലപേശലിന് വേണ്ടി മാത്രമുള്ളതാണെന്നും മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി. ചന്ദ്രശേഖര റാവു മുന്നോട്ടുവെക്കുന്ന ഫെഡറല്‍ മുന്നണി ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിനേ ഇടവരുത്തൂ. അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെങ്കിലും എല്ലാ പാര്‍ട്ടികളെയും വിശ്വാസത്തിലെടുക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ മൊയ്‌ലി അഭിപ്രായപ്പെട്ടു.

ഫെഡറല്‍ മുന്നണിയെ കോണ്‍ഗ്രസിന് നയിക്കാന്‍ കഴിയുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മൊയ്‌ലി പ്രതികരിച്ചത് ഇങ്ങനെയാണ്: “നയിക്കുക എന്നൊക്കെ പറയുന്നത് വിലപേശലിന്റേതാണ്. അത് മറ്റൊരു കാര്യം. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള ഫെഡറല്‍ മുന്നണി അഭികാമ്യമല്ല. അത് പ്രാവര്‍ത്തികമല്ല, പ്രായോഗികവുമല്ല. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനേ അത് ഉപകരിക്കൂ. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഫെഡറല്‍ മുന്നണിക്ക് കീഴില്‍ മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണം. അത് മാത്രമേ വിജയിക്കുകയുള്ളൂ.”

ഗുണാത്മക മാറ്റം കൊണ്ടുവരുന്നതിന് ദേശീയതലത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ- ബി ജെ പി വിരുദ്ധ മുന്നണി ഉണ്ടാകേണ്ടതുണ്ടെന്ന് അടുത്തിടെ ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു. മുന്നണി രൂപവത്കരണ ലക്ഷ്യവുമായി അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

Latest