Connect with us

Editorial

ആശ്വാസമേകുന്ന കോടതി വിധി

Published

|

Last Updated

രാജ്യത്ത് പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ തുടരുകയും ഇരകളുടെ പക്ഷത്ത് നിലയുറപ്പിക്കേണ്ട ഭരണ കൂടങ്ങള്‍ അക്രമികളുടെ സംരക്ഷകരായി മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍ അലിമുദ്ദീന്‍ അന്‍സാരിയുട ഘാതകര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച രാംഗഡ് പ്രത്യേക അതിവേഗ കോടതിയുടെ വിധി ആശ്വാസകരമാണ്. കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണ്‍ 29ന്് ഝാര്‍ഖണ്ഡിലെ രാംഗഡില്‍ 45 കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ അടിച്ച് കൊന്ന ബി ജെ പി, എ ബി വി പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 11 ഗോരക്ഷാ ഗുണ്ടകള്‍ക്ക് ജീവപര്യന്തം തടവാണ് അതിവേഗ കോടതി ജഡ്ജി ഓംപ്രകാശ് വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരില്‍ ബി ജെ പി പ്രാദേശിക നേതാവ് നിത്യാനന്ദ് മഹ്‌തോയും ഉള്‍പ്പെടുന്നു.

ആഗോളതലത്തില്‍ ഇന്ത്യയെ നാണം കെടുത്തിയ സംഭവങ്ങളാണ് പശുവിന്റെ പേരില്‍ രാജ്യത്തുടനീളം നടന്ന ആക്രമണങ്ങള്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിലെ മുഖ്യപരാമര്‍ശം പശുഭീകരത ഉള്‍പ്പെടെ അസഹിഷ്ണുതയുടെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളായിരുന്നു. ഇന്ത്യയില്‍ വിശ്വാസത്തിന്റെ പേരിലുള്ള ഗുണ്ടാ കൊലപാതകങ്ങളും ഗോരക്ഷാ ആക്രമണങ്ങളും വലിയതോതില്‍ വര്‍ധിച്ചതായും ആക്രമണങ്ങളുടെ ഇരകളിലേറെയും മുസ്‌ലിംകളാണെന്നും വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് നടപടിയെടുക്കാന്‍ ഭരണകൂടങ്ങള്‍ വിമുഖത കാണിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.

മാധ്യമ വാര്‍ത്തകളെ വസ്തുനിഷ്ഠമായി വിലയിരുത്തി “ഇന്ത്യ സ്‌പെന്‍ഡ”തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമാണ് ഇത്തരം അക്രമങ്ങളില്‍ 97 ശതമാനവും നടന്നതെന്നാണ്. അതിലേറെയും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും ഇന്ത്യ സ്‌പെന്‍ഡ പറയുന്നു. 2012-17 കാലഘട്ടങ്ങളില്‍ പശുവിന്റെ പേരില്‍ 78 അക്രമ സംഭവങ്ങളാണ് രാജ്യത്ത് നടന്നത്. ഇതില്‍ 76 എണ്ണവും ബി ജെ പി അധികാരത്തില്‍ എത്തിയ 2014 ന് ശേഷമാണ്. മൃഗങ്ങളോടുള്ള കരുണയും പശു സംരക്ഷണത്തിന്റെ അനിവാര്യതയും ഉയര്‍ത്തിപ്പിടിച്ചും പശുവിന് പുരാണങ്ങള്‍ കല്‍പ്പിക്കുന്ന മഹത്വങ്ങളെക്കുറിച്ചുള്ള കഥകള്‍ സൃഷ്ടിച്ചും ഗോസംരക്ഷണ ഗുണ്ടകളും സംഘ്പരിവാര്‍ സംഘടനകളും ഈ അതിക്രമങ്ങളെ ന്യായീകരിക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പശു ഭക്തിയല്ല ഇതിന് പിന്നില്‍. മതന്യൂനപക്ഷങ്ങളെ അടിക്കാന്‍ പശുവിനെ ആയുധമാക്കുകയാണ്. രാജ്യത്തെ പ്രമുഖ മിക്ക ബീഫ് വ്യവസായികളും കയറ്റുമതിക്കാരും സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ള ഹിന്ദുമത വിശ്വാസികളാണ്. അവര്‍ക്കൊന്നും ഇക്കാലമത്രയും ഗോസംരക്ഷകരുടെ എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ല.

മഹത്തായ നമ്മുടെ ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും വിജയമായി വേണം അതിവേഗ കോടതിയുടെ വിധിയെ കാണാന്‍. ഇന്ത്യന്‍ കോടതികള്‍ പോലും ഹിന്ദുത്വ സ്വാധീനത്തില്‍ അകപ്പെടുന്നുവോ എന്ന് സന്ദേഹമുയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മര്‍ദിതരുടെയും അതിക്രമങ്ങള്‍ക്കിരയാകുന്നവരുടെയും അഭയകേന്ദ്രങ്ങള്‍ സര്‍ക്കാറും നീതിപാലകരും നീതിപീഠങ്ങളുമാണ്. എന്നാല്‍, സര്‍ക്കാറിലും പോലീസിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായിക്കഴിഞ്ഞു. പശുവിന്റെ പേരില്‍ രാജ്യത്തെമ്പാടും നടന്ന പല കേസുകളിലും എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ പോലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. യു പി യിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദിച്ചു കൊന്ന കേസിലെ കുറ്റാരോപിതരെ നിയമനടപടികള്‍ക്ക് വിധേയമാക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍ ടി പി സി ജോലി നല്‍കുകയായിരുന്നു സര്‍ക്കാര്‍. കേരളമുള്‍പ്പെടെ ബി ജെ പിയിതര സര്‍ക്കാറുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ക്രമസമാധാന സംവിധാനങ്ങളില്‍ സംഘ്പരിവാര്‍ സ്വാധീനം ശക്തമാണിന്ന്. ജനങ്ങളെ സംബന്ധിച്ചിടത്തോളം അവശേഷിക്കുന്ന ഏക പ്രതീക്ഷ കോടതികളാണ്. അതുകൂടി നഷ്ടപ്പെടാതിരിക്കാന്‍ രാംഗഡ് പ്രത്യേക അതിവേഗ കോടതിയുടെ മേല്‍ വിധിപ്രസ്താവം സഹായകമാണ്.

ഗോരക്ഷകര്‍ നടത്തിയ കൊലപാതക കേസുകളില്‍ കോടതിയില്‍ നിന്നുണ്ടായ ആദ്യ ശിക്ഷാവിധിയാണ് ഇത്. പശുഭീകരതയുടെ പേരിലുള്ള കേസുകള്‍ രാജ്യത്തെ വിവിധ കോടതികളില്‍ തീര്‍പ്പാകാനുണ്ട്. പരാതിക്കാരെയും സാക്ഷികളെയും പ്രലോഭനങ്ങളിലൂടെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസുകള്‍ അട്ടിമറിക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിച്ചു വരികയുമാണ്. അലീമുദ്ദിന്റെ കേസില്‍ തന്നെ സഹോദരന്‍ ജലീലിന്റെ ഭാര്യ വാഹനാപകടത്തില്‍ മരിക്കാനിടയായത് അട്ടിമറി ശ്രമത്തിന്റെ ഭാഗമായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. കേസില്‍ സാക്ഷി പറയാനായി കോടതിയിലേക്ക് പോകുന്ന വഴി എടുക്കാന്‍ മറന്നു പോയ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടു വരാനായി മകനോടൊപ്പം വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യവെയാണ്, മറ്റൊരു വാഹനമിടിച്ചു ജലീലിന്റെ ഭാര്യ മരണപ്പെട്ടത്. ഇതേതുടര്‍ന്ന് ജലീലിന് കോടതിയില്‍ ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഇത്തരം പ്രതികൂല സാഹചര്യങ്ങളെയും ഭീഷണികളെയുമെല്ലാം അതിജീവിച്ചു വേണം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ നടത്തികൊണ്ടു പോകാനെന്നത് ബി ജെ പിഭരണത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

Latest