Connect with us

Articles

ചക്ക മാഹാത്മ്യം

Published

|

Last Updated

അങ്ങകലെ, അയര്‍ലാന്‍ഡിലെ ഡബ്ലിന്‍ നഗരത്തിലെ ഒരു ചൈനാക്കാരന്റെ കടയില്‍ വില്‍പ്പനക്ക് വെച്ച ചക്കയുടെ വില കേട്ട് അമ്പരന്ന ഒരു മലയാളി യാത്രികന്റെ അനുഭവക്കുറിപ്പ് വായിച്ചതോര്‍ക്കുന്നു. അതിങ്ങനെ തുടങ്ങുന്നു. ഡബ്ലിന്‍ നഗരത്തില്‍ മൂര്‍ സ്ര്ടീറ്റിലെ ഒരു ചൈനാക്കാരന്റെ കടയില്‍ പകുതി മുറിച്ചുവെച്ച ഒരു ചക്ക കണ്ടാണ് അങ്ങോട്ട് കയറിയത്. പഴുത്തു മുഴുത്ത, സ്വര്‍ണവര്‍ണത്തിലുള്ള ചക്കച്ചുളകള്‍ പുറത്തു കാണും വിധം പ്ലാസ്റ്റിക്കില്‍ ഭംഗിയായി പൊതിഞ്ഞു വെച്ചിരിക്കുന്നു. ഇന്ത്യന്‍ ചക്കപ്പഴം എന്ന ലേബല്‍ ഒട്ടിച്ച ചക്ക കണ്ടപ്പോള്‍തന്നെ അറിയാതെ വീട്ടുപറമ്പിലെ വരിക്കപ്ലാവിനെ ഓര്‍ത്തു പോയി. അണ്ണാനും കിളികളും കൊത്തിത്തിന്നാലും നല്ല മണമുള്ള വരിക്കയുടെ ചുള കൊതിപ്പിക്കുന്ന മണവുമായി അങ്ങനെ തൂങ്ങിയാടി നില്‍ക്കും. ചക്കയുടെ മണവും രുചിയും ഓര്‍ത്തെടുത്ത് കടയിലെത്തിയപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി. എട്ടു കിലോയോളം വരുന്ന ഒരു ചക്കക്ക് വില 125 യൂറോ. ഇന്ത്യന്‍ വിലയില്‍ കണക്കു കൂട്ടിയെടുത്തപ്പോഴാണ് ശരിക്കും തല കറങ്ങിയത്. എട്ടു കിലോയോളം വരുന്ന ചക്ക പകുതിയായി മുറിച്ചു വാങ്ങിയാല്‍ വില പിന്നെയും കൂടും. നാല് കിലോ ചക്കക്ക് വില എണ്‍പത് യൂറോ. അദ്ഭുതവും ആശങ്കയും കണ്ടപ്പോള്‍ ചൈനാക്കാരന്‍ ഇങ്ങനെ പറഞ്ഞു. ഇന്നലെ എട്ടെണ്ണം വിറ്റുപോയി. എവിടെയും കിട്ടാനില്ല. ചക്കപ്പഴം കാണാനും കടയില്‍ ആളുകള്‍ എത്തുന്നുണ്ടത്രെ. കേരളത്തില്‍ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും ആര്‍ക്കും വേണ്ടാതെ ചീഞ്ഞളിഞ്ഞു നശിക്കുന്ന ചക്കക്ക് ഇങ്ങനെയൊരു പദവിയും പരിവേഷവുമുണ്ട് അന്യ നാടുകൡലെന്നു കേള്‍ക്കുമ്പോള്‍ ആരും ഒന്നമ്പരക്കുമെന്ന് തീര്‍ച്ച.

ലോകത്തിന്റെ വിവിധയിടങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ പഴവര്‍ഗങ്ങളിലൊന്നായ ചക്കക്ക് കിട്ടുന്ന പേരും പെരുമയും പറഞ്ഞറിയിക്കാനാകുന്നതല്ല. അമേരിക്കയുള്‍പ്പടെയുള്ള വന്‍കിട രാജ്യങ്ങളുടെ വിപണിയിലും ചക്കക്കുള്ള പ്രാധാന്യം ചെറുതല്ല. യു കെയിലെ ന്യൂ കാസിലില്‍ ഏഷ്യന്‍ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ കേരളത്തില്‍ നിന്നെത്തിച്ച ചക്കക്ക് ഒരെണ്ണത്തിന് ഏകദേശം (42 പൗണ്ട് 82 പെന്‍സ്) 3600 രൂപയാണ് ഏറ്റവും അടുത്ത ദിവസത്തെ വില. വാളയാര്‍ ചുരം കടന്നാല്‍ ചക്കയുടെ മാര്‍ക്കറ്റ് നമ്മുടെ നാട്ടില്‍ തന്നെ ഉയരുമെന്ന് അമേരിക്കയിലെ മലയാളിയായ ചക്കക്കച്ചവടക്കാരന്‍ പറയുമ്പോള്‍ ചക്കയുടെ മാഹാത്മ്യം എത്ര വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തില്‍നിന്ന് കടല്‍ കടന്നു പോകുന്ന ചക്ക ഇടംപിടിക്കുന്നത് സായിപ്പിന്റെ ബര്‍ഗറില്‍ അടക്കമാണ്. അമേരിക്കന്‍ വിഭവമായ ടെരിയാക്കിയില്‍ കോഴിയിറച്ചിക്കു പകരം പച്ചച്ചക്ക സ്ഥാനം പിടിച്ചിട്ട് അധിമായില്ലെന്ന് കോഴിയിറച്ചിക്ക് കടിപിടി കൂടുന്ന മലയാൡഇനിയെങ്കിലും മനസ്സിലാക്കണം. നമ്മുടെ നാട്ടില്‍ വഴിയില്‍ കിടന്ന് ചീഞ്ഞു നശിക്കുന്ന ചക്ക വിദേശത്ത് കേരളത്തിന്റെ പ്രകൃതി ദത്ത ഉത്പന്നങ്ങളുടെ പട്ടികയിലാണുള്ളത്. ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് അവിടെ വന്‍ ആവശ്യക്കാരാണെന്ന്് ചക്കക്കുരു പാകം ചെയ്യുന്നത് ദാരിദ്ര്യത്തിന്റെയും കൊടും പട്ടിണിയുടെയും നാണക്കേടിന്റെയും സൂചനയാണെന്ന് കരുതിയിരുന്ന മലയാളി അറിയുന്നേയില്ല. കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ നടന്ന ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റില്‍ പോലും അന്താരാഷ്ട്ര പ്രതിനിധികള്‍ ചക്കയുടെ മാഹാത്മ്യവും വിപണി സാധ്യതയും വിളിച്ചു പറഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കണ്ണു തള്ളിപ്പോയത് നമ്മള്‍ മലയാളികള്‍ക്കായിരുന്നു. അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ആവശ്യത്തിനനുസരിച്ച് ബര്‍ഗറിനുള്ളില്‍ വെക്കുന്ന കട്‌ലറ്റ്, അമേരിക്കന്‍ ഭക്ഷണമായ ടെരിയാക്കി എന്നിവക്കുവേണ്ടിയെല്ലാം ചക്കക്ക് വന്‍ തോതില്‍ കരാര്‍ ലഭിക്കുന്നുണ്ടെന്നും ചക്കക്കുരു പൊടിച്ചെടുത്തുള്ള പാസ്ത ലോക വിപണിയില്‍ പുതിയ തരംഗമായി മാറിയെന്നുമെല്ലാമുള്ള വ്യാപാര പ്രമുഖരുടെ പ്രഖ്യാപനങ്ങളും വിലയിരുത്തലുകളുമൊക്കെ കേട്ട് സത്യത്തില്‍ അമ്പരന്നിരിക്കാനേ മലയാളിക്ക് കഴിഞ്ഞുള്ളൂ.

കീടനാശിനി വിമുക്തവും ആരോഗ്യവര്‍ധകവുമാണെന്നതാണ് ചക്കയുടെ പ്രധാന വാണിജ്യ സവിശേഷതയെന്ന വസ്തുത ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി മാറിയെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തോടെയെങ്കിലും നമുക്ക് മനസ്സിലാക്കാനാകണം. മലേഷ്യ, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നും ചക്ക വിദേശത്തെത്തുന്നുണ്ടെങ്കിലും അതെല്ലാം കൃഷി ഉത്പന്നമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ കേരളത്തിലെ ചക്കയെ ആണ് വിദേശരാജ്യങ്ങളില്‍ പ്രകൃതി ദത്ത ഇനത്തില്‍ പെടുത്തിയിരിക്കുന്നത്. അതിനാല്‍ കേരളത്തില്‍ നിന്നുള്ള ചക്ക അധിഷ്ഠിത ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. ഇനി അത് കൂടുകയും ചെയ്യും. ചക്കയുടെ വിപണിയിലെ ആവശ്യം മുന്‍കൂട്ടി കണ്ടു കൊണ്ടാണ് നിര്‍ത്തിവെച്ചിരുന്ന ചക്ക ഉത്പാദനം ചൈന വീണ്ടും തുടങ്ങിയതെന്നു കൂടി കാണുമ്പോള്‍ ചക്കക്ക് ലോകവിപണിയില്‍ എത്രത്തോളമാണ് പ്രാധ്യാന്യമുള്ളതെന്ന് നമുക്ക് വിലയിരുത്താവുന്നതേയുള്ളൂ. 25,000 ഹെക്ടറിലാണ് ചൈന ഇപ്പോള്‍ പുതുതായി ചക്കകൃഷി തുടങ്ങിയിട്ടുള്ളത്. ചൈനയില്‍ നിന്നുള്ള പാക്കറ്റിലാക്കിയ ചക്ക ഉത്പന്നങ്ങള്‍ ഇനി ചക്കയുടെ നാടായ കേരളത്തിലടക്കം വലിയതോതില്‍ വിറ്റഴിക്കപ്പെടാനുള്ള സാധ്യത പോലും തള്ളിക്കളയാനുമാകില്ല. ശ്രീലങ്കയിലാണെങ്കില്‍ അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ചക്ക. ആഘോഷങ്ങളിലും ആചാരങ്ങളിലും ചക്ക വിഭവങ്ങള്‍ അവിടെ നിര്‍ബന്ധമാണ്. ഈര്‍പ്പവും മഴയും ലഭ്യമാകുന്ന സ്ഥലങ്ങളില്‍ ധാരാളമായി കാണുന്ന ചക്ക മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍ എന്നിവിടങ്ങളിലും ധാരാളമായും വിളയുന്നുണ്ട്. ഉത്തരേന്ത്യക്കാര്‍ക്കും നമ്മുടെ ചക്ക ഇഷ്ട വിഭവമാണ്. അവരുടെ അടുക്കളയില്‍ വെന്തുപാകമാവുന്ന ചക്ക ഡമ്മി മീറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇറച്ചിയുടെ പകരക്കാരനാണ് ഉത്തരേന്ത്യയില്‍ ചക്ക. വില കൂടുതലായതിനാല്‍ സമ്പന്നരാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. അതുകൊണ്ട് ധനികന്റെ സബ്ജിയായും അറിയപ്പെടുന്നു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചക്ക പോകുന്നത് കേരളത്തില്‍നിന്നാണ്. ചക്കകള്‍ പല അട്ടികളായി ലോറികളില്‍ അടുക്കി ഏറ്റവും മുകളില്‍ ഐസ് കട്ടകള്‍ വെക്കും. ഐസില്‍നിന്നിറങ്ങുന്ന വെള്ളം ചക്ക കേടാകാതെ സഹായിക്കും.

പണ്ടു കാലത്ത് മലയാളിയുടെ ഭക്ഷ്യസംസ്‌കാരത്തില്‍ തന്നെ മുഖ്യപങ്കു വഹിച്ചിരുന്ന ഒരു ഫലവര്‍ഗമാണ് ചക്ക. കാര്യമായ പരിപാലനങ്ങളൊന്നും തന്നെ കൂടാതെ പറമ്പുകളില്‍ യഥേഷ്ടം ഉണ്ടായിരുന്ന ചക്ക ദാരിദ്ര്യം അറിയാതെ ജീവിക്കാന്‍ ഒരു തലമുറക്ക് കൂട്ടായിരുന്ന ഫലമാണ്. വിറ്റാമിന്‍ എ, തയാമിന്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, മഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം എന്നിങ്ങനെ നിരവധി വിറ്റാമിനുകളും പോഷകഘടകങ്ങളും ചക്കയില്‍ അടങ്ങിയിട്ടുണ്ട്. സംസ്‌കൃതത്തില്‍ പനസം എന്ന് വിളിക്കുന്ന ചക്കയുടെ ഗുണഗണങ്ങള്‍ ആയുര്‍വേദ ചികിത്സയില്‍ കൃത്യമായി പണ്ടുള്ളവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പഴങ്ങളില്‍ വെച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണെന്ന് ലോകം മുഴുവന്‍ തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് അതേക്കുറിച്ച് യാതൊരു ബോധവുമുണ്ടാകുന്നില്ല. പ്രോട്ടീന്‍ സമ്പുഷ്ടമായ ചക്കയില്‍ ജീവകങ്ങളും കാത്സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയുമുണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ചക്കയില്‍ നിന്നുണ്ടാക്കാം.

കുടലിലെ കാന്‍സറിനു വരെയുള്ള ഔഷധം ചക്കയിലുണ്ടെന്ന് ആയുര്‍വേദം ഉറപ്പു നല്‍കുന്നുണ്ട്. പൊതുവേ ക്ഷാരഗുണമാണു ചക്കക്ക്. ചക്ക വയറ്റിലെത്തിയാല്‍ പന്തു പോലെയായി കുടലിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുമത്രെ. ദഹനം കൂടും. അന്നജം, സോഡിയം, പൊട്ടാസിയം, ഗ്ലൂക്കോസ് എന്നിവ ചക്കയില്‍ സുലഭം. നിര്‍ജലീകരണം തടയും. അതിനാല്‍ വേനലില്‍ ഉത്തമം. ക്ഷാര ഗുണമായതിനാല്‍ അസിഡിറ്റിക്കും പരിഹാരമാണ്. ചക്കപ്പുഴുക്ക് നിരന്തരമായി കഴിക്കുന്ന ആളുകള്‍ക്കു പ്രമേഹത്തെ അതിജീവിക്കാന്‍ കഴിയുമെന്നു കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വര്‍ഷംതോറും മൂന്ന് ലക്ഷം ടണ്‍ ചക്ക വിളയുന്നുവെന്നാണ് കണക്ക്. ഇതില്‍ 60 ശതമാനവും പാഴായി പോകുന്നു. 28,000 കോടി രൂപയുടെ അസംസ്‌കൃതവസ്തുവാണ് നശിക്കുന്നതെന്നാണ് കണക്ക്. തമിഴ്‌നാട്ടിലെ കുടയൂര്‍ ജില്ലയില്‍ പണ്‍റുട്ടി എന്ന ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമം് ചക്കഗ്രാമമെന്ന പേരിലാണ് പ്രശസ്തമാകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിവര്‍ഷ ചക്ക ഉപഭോഗം ഇവിടെയാണ്. പണ്‍റുട്ടിക്കാരുടെ ജീവിതമാര്‍ഗം തന്നെ ചക്ക കൃഷിയാണ്. ഒരേക്കര്‍ തുടങ്ങി 1020 ഏക്കറിലധികം വരെ ചക്കകൃഷി ഇവിടുത്തെ പ്രദേശവാസികള്‍ക്കുണ്ട്. പണ്‍റുട്ടിക്കാര്‍ സ്വന്തമായ കൃഷിരീതി വഴി വര്‍ഷത്തില്‍ എല്ലാ മാസവും തന്നെ ചക്ക വിളയിക്കുന്നുണ്ട്. ദിനേന 1500 ലോഡ് ചക്കയാണ് പണ്‍റുട്ടിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നത്. അതേസമയം കേരളത്തില്‍ പല ഗ്രാമങ്ങള്‍ക്കും പണ്‍റുട്ടിയുടെ ഛായയുണ്ട്. എന്നാല്‍ ഇവിടങ്ങളിലുള്ളവരാരും ചക്കയെ അത്രമേല്‍ സ്‌നേഹിക്കുന്നില്ലെന്ന് സാരം.

മധുരമൂറുന്ന തേന്‍വരിക്ക, കുടംപുളിയിട്ട് വെച്ച മീന്‍ കറിക്ക് ഒപ്പം നന്നായി വേവിച്ച് കഴിക്കാവുന്ന കൂഴചക്ക, ആഘോഷങ്ങള്‍ മധുരതരമാക്കാന്‍ ചക്ക പായസം, വൈകുന്നേരങ്ങളിലെ ചായക്ക് ഒപ്പം രസം പകരാന്‍ ചക്ക വറുത്തത്…… എന്നിങ്ങനെ ചക്ക കൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങളുടെ പഴയതും പുതിയതുമായ അറിവുകള്‍ മലയാളിക്ക് അന്യമല്ല. എന്നാല്‍ അതൊന്നും പുറത്തെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സര്‍ക്കാര്‍ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച സാഹചര്യത്തിലെങ്കിലും ചക്കയെ ഇനി മലയാളികള്‍ അറിഞ്ഞേ തീരൂ. വീട്ടില്‍ പ്ലാവുണ്ടങ്കില്‍ പത്ത് വയസ്സ് കുറക്കാം എന്ന പഴഞ്ചൊല്ലിനൊപ്പം വീട്ടില്‍ പ്ലാവുണ്ടെങ്കില്‍ പത്ത് കാശ് ഉണ്ടാക്കാം എന്ന് മലയാളി ചേര്‍ത്ത് വായിക്കേണ്ട കാലം ഇപ്പോള്‍ തന്നെ അതിക്രമിച്ചു കഴിഞ്ഞു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest