മാര്‍ച്ച് 31 അധ്യാപകര്‍ക്ക് പ്രവൃത്തിദിനമാക്കി ഉത്തരവ്; വ്യാപക പ്രതിഷേധം

Posted on: March 22, 2018 9:51 pm | Last updated: March 23, 2018 at 9:57 am

കോഴിക്കോട്: വിദ്യാഭ്യാസ കലണ്ടര്‍ മറികടന്ന് അധ്യാപകര്‍ക്ക് മാര്‍ച്ച് 31 പ്രവൃത്തി ദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ഈ വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ അനുസരിച്ച് 28ന് വിദ്യാഭ്യാസ വര്‍ഷം അവസാനിക്കും. എന്നാല്‍ 31ന് പ്രവൃത്തിദിനമാണെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു. ഉത്തരവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതാദ്യമായാണ് വിദ്യാഭ്യാസ കലണ്ടര്‍ മറികടന്ന് ഇത്തരത്തില്‍ ഉത്തരവിറങ്ങുന്നതെന്ന് അധ്യാപകര്‍ പറയുന്നു.

28ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്ന സാഹചര്യത്തില്‍ 29 മുതല്‍ എല്‍ടിസി ഉപയോഗപ്പെടുത്തി യാത്രക്ക് തയ്യാറെടുത്ത് നില്‍ക്കുന്ന നിരവധി അധ്യാപകരെ പുതിയ ഉത്തരവ് പ്രതികൂലമായി ബാധിക്കും. 31 പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ക്ക് എല്‍ടിസി ആനുകൂല്യം ലഭിക്കുകയുമില്ല. പലരും കുടുംബത്തോടൊപ്പം യാത്രക്കായി ട്രെയില്‍, വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെല്ലാം വലിയ നഷ്ടമാകും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വരുത്തിവെക്കുക.

29, 30 തീയതികള്‍ പെസഹ വ്യാഴം, ദുഖവെള്ളി അവധിയാണ്. 31ന് പ്രവൃത്തി ദിവസമാകുമ്പോള്‍ ദൂരെയുള്ള അധ്യപകരില്‍ പലരും ഒരു ദിവസത്തിന് വേണ്ടി മാത്രം സ്‌കൂളില്‍ ഹാജരാകേണ്ടി വരും. ക്ലാസില്ലാത്തതിനാല്‍ ഒപ്പിടാന്‍ വേണ്ടി മാത്രം അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തേണ്ട സ്ഥിതിയാണുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ട്രാന്‍സ്ഫര്‍ ലഭിച്ച അധ്യാപകര്‍ക്ക് ജോയിന്‍ ചെയ്യാന്‍ വേണ്ടിയാണ് 31 പ്രവൃത്തി ദിനമാക്കിയതെന്നാണ് സര്‍ക്കാര്‍ ഇതിന് നല്‍കുന്ന വിശദീകരണം. ഇതിന് വേണ്ടിയാണെങ്കില്‍ ഓഫീസ് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെയെന്ന് അധ്യാപകര്‍ ചോദിക്കുന്നു.