പ്ലസ്ടു ഫിസിക്‌സ് ചോദ്യപേപ്പര്‍ വാട്‌സാപിലെന്ന് പരാതി; ചോര്‍ന്നെന്നു വ്യക്തമായാല്‍ വീണ്ടും പരീക്ഷ

Posted on: March 22, 2018 8:58 pm | Last updated: March 23, 2018 at 9:57 am

 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബുധനാഴ്ച നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് ചോദ്യപേപ്പറാണ് ചോര്‍ന്നതായി പരാതി ലഭിച്ചത്. ചോദ്യപേപ്പര്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഡി ജി പിയുടെ നിര്‍ദേശപ്രകാരം സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു. ചോദ്യപേപ്പര്‍ ചോര്‍ന്നതായി സ്ഥിരീകരിച്ചാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും പരീക്ഷ നടത്തുമെന്നും ഇതു സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറകടര്‍ അറിയിച്ചു.

തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് വാട്‌സ് ആപ്പ് വഴി ഇത് ലഭിച്ചതോടെയാണ് വിവരം അധികൃതര്‍ അറിയുന്നത്. തനിക്ക് ലഭിച്ച പകര്‍പ്പ് ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ക്ക് തുടര്‍നടപടിക്കായി കൈമാറി. ചോദ്യങ്ങള്‍ മറ്റൊരു കടലാസില്‍ പകര്‍ത്തിയെഴുതിയ നിലയിലായിരുന്നു. എണ്‍പത് ശതമാനത്തിലധികം ചോദ്യങ്ങളും ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചതായാണ് സൂചന. ഇതേത്തുടര്‍ന്ന് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പരാതി നല്‍കുകയായിരുന്നു.