ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ബി സി സി ഐ

Posted on: March 22, 2018 8:24 pm | Last updated: March 22, 2018 at 8:34 pm

മുംബൈ: ഭാര്യയുമായുള്ള പ്രശ്‌നങ്ങളാല്‍ വിവാദക്കുരുക്കിലായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ബി സി സി ഐ. ഭാര്യ ഹസിന്‍ ജഹാന്‍ നടത്തിയ ഒത്തുകളി ഉള്‍പ്പെടെയുള്ള ആരോപണത്തെ തുടര്‍ന്ന് തടഞ്ഞുവച്ച വാര്‍ഷിക കരാറില്‍ ബി സി സി ഐ ഷമിയെ ഉള്‍പ്പെടുത്തി. വര്‍ഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉള്‍പ്പെടുത്തിയത്.

ഷമിയെ കുറ്റ വിമുക്തനാക്കി വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയതോടെ അടുത്ത മാസം ആരുഭിക്കുന്ന ഐ പി എല്ലിലും ഷമിക്ക് കളിക്കാന്‍ കഴിയും. ഇത്തവണ ഐ പി എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമംഗമാണ് ഷമി. ബി സി സി ഐ വാര്‍ഷിക കരാര്‍ തടഞ്ഞുവച്ചതോടെ ഷമിക്ക് ഐ പി എല്‍ കളിക്കാനാവുമോ എന്നതില്‍ ആശങ്കയുണ്ടായിരുന്നു.

ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കൊല്‍ക്കത്ത പൊലീസ് ഷമിക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി സി സി ഐ കരാര്‍ തടഞ്ഞത്.